കാസർകോട്: കാഞ്ഞങ്ങാട് ഇരിയ കാടുമാടത്ത് എൻഡോസൾഫാൻ ഇരകൾക്കായി ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് എട്ടുകോടി മുടക്കി നിർമിച്ച 45 വീടുകളിൽ ഒഴിഞ്ഞുകിടക്കുന്ന 23 വീടുകൾ അർഹതർക്ക് കൈമാറുന്നതിൽ ജില്ല കലക്ടർ കാണിക്കുന്ന വീഴ്ചക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ.
കാസർകോട് ജില്ല കലക്ടർ വിഷയം അടിയന്തരമായി പരിശോധിച്ച് ഒരാഴ്ചക്കകം വിശദീകരണം നൽകണമെന്ന് കമീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
കേരള സർക്കാർ അനുവദിച്ച അഞ്ചേക്കർ ഭൂമിയിലാണ് ചിൽഡ്രൻസ് പാർക്കും ആയുഷ് ആശുപത്രിയും 45 വീടുകളും ഉൾപ്പെടെയുള്ള മെഗാ ടൗൺഷിപ് നിർമിച്ചത്. മുഖ്യമന്ത്രിയാണ് നാലുവർഷം മുമ്പ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന സമയത്ത് 22 വീടുകൾ കൈമാറി. ബാക്കി 23 വീടുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇതുവരെ അർഹതപ്പെട്ടവർക്ക് വീട് കൈമാറാൻ കഴിയാത്തതിന് കാരണം ജില്ല ഭരണാധികാരിയാണെന്നാണ് പരാതി.
മുഖ്യമന്ത്രി താക്കോൽ ദാനം നിർവഹിച്ച വീടുകൾക്ക് പോലും നമ്പറായിട്ടില്ല. ആയിരത്തിലധികം എൻഡോസൾഫാൻ ബാധിതരുടെ കുടുംബങ്ങൾ ദുരിതം അനുഭവിക്കുമ്പോഴാണ് ജില്ല ഭരണകൂടത്തിെൻറ നിസ്സംഗത. വീടില്ലാതെ മനുഷ്യൻ ആത്മഹത്യ ചെയ്യുന്ന കാലത്താണ് നിർമിച്ച വീടുകൾ പോലും കൈമാറാൻ കഴിയാത്ത സാഹചര്യം.
മനുഷ്യാവകാശ കമീഷൻ മുൻ അംഗം ജസ്റ്റിസ് എ. ലക്ഷ്മിക്കുട്ടി ചെയർമാനായ സത്യസായ് ഓർഫനേജ് ട്രസ്റ്റിനു വേണ്ടി ട്രസ്റ്റ് സ്ഥാപകൻ കെ.എൻ. ആനന്ദകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.