പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ കുടുംബത്തിന് വീടൊരുക്കണം–ബാലാവകാശ കമീഷന്‍

കാസർകോട്​: പെര്‍ള കജ്ജംപാടി കോളനിയില്‍ മുലപ്പാൽ കുടിക്കുന്നതിനിടെ പാമ്പുകടിയേറ്റ് മരിച്ച ദീപക്​ എന്ന കുഞ്ഞി​െൻറ കുടുംബത്തിന് വീട്​ ഒരുക്കണമെന്ന് ബാലാവകാശ കമീഷന്‍ ഉത്തരവിട്ടു.

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 14നാണ്​ എന്‍മകജെ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ കജംപാടി ഐ.എച്ച്.ഡി.പി കോളനിയിലെ കാന്തപ്പ - കുസുമ ദമ്പതികളുടെ രണ്ടുവയസ്സുകാരന്‍ ദീപക് രാത്രിയിൽ വീട്ടിനകത്ത്​ നിലത്ത്​ പായയിൽ കിടന്ന്​ മുലപ്പാൽ കുടിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ് മരിച്ചത്.

സ്​ഥിരമായി പാമ്പുശല്യം ഉള്ള പ്രദേശത്തെ കോളനിയിലെ മുഴുവന്‍ വാസയോഗ്യമല്ലാത്ത കുടിലുകളും പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടുകള്‍ നിർമിക്കാനാണ്​ കമീഷൻ നിർദേശിച്ചത്​. കോളനിയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് സ്​ഥാപിച്ച മിനിമാസ്​റ്റ്​ ലൈറ്റ് വൈദ്യുതീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കണമെന്നും എന്‍മകജെ പഞ്ചായത്ത് സെക്രട്ടറിയോട്​ ആവശ്യപ്പെട്ടു.

കോളനിക്ക് സമീപത്തെ ഫാമിലി വെല്‍ഫെയര്‍ സെൻറർ ഉടൻ പ്രവര്‍ത്തനം ആരംഭിക്കണമെന്നും നിർദേശിച്ചു. ജില്ലയില്‍ ഏതൊക്കെ ആശുപത്രികളിലാണ് ആൻറിവെനം സൗകര്യമുള്ളതെന്ന് പൊതുജനങ്ങള്‍ക്ക് ബോധവത്​കരണം നല്‍കാന്‍ നടപടി സ്വീകരിക്കാന്‍ ജില്ല മെഡിക്കല്‍ ഓഫിസറോടും ആവശ്യപ്പെട്ടു.

ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീമിനുവേണ്ടി സി.കെ. നാസര്‍ കാഞ്ഞങ്ങാട് നല്‍കിയ ഹരജിയിലാണ് ബാലാവകാശ കമീഷന്‍ അംഗം ഫാ. പി.വി. ഫിലിപ്പ് പരക്കാട്ട്​ ഉത്തരവ്​ നൽകിയത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.