കാസർകോട്: കേരളത്തിൽനിന്ന് കടന്നുവരുന്നവർക്ക് 'കോവിഡ് ഇല്ല' സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കർണാടകയുടെ തീരുമാനം തിങ്കളാഴ്ച നടപ്പായില്ല. ജാൽസൂർ, തലപ്പാടി, സാറട്ക്ക, നെട്ടണിഗെ, മേനല എന്നീ അഞ്ച് ചെക് പോസ്റ്റുകൾ ഒഴികെ മറ്റ് വഴികളെല്ലാം കർണാടക അടച്ചിടുകയും അഞ്ചിടത്ത് കോവിഡ് സർട്ടിഫിക്കറ്റ് പരിശോധന നിർബന്ധമാക്കാനുമായിരുന്നു തീരുമാനം. എന്നാൽ, തിങ്കളാഴ്ച രാവിലെ മുതൽ പ്രശ്നങ്ങൾ ഉടലെടുത്തു. ബസുകളിൽ ടിക്കറ്റ് ലഭിക്കണമെങ്കിൽ സർട്ടിഫിക്കറ്റ് വേണമെന്ന തീരുമാനവുമുണ്ടായി. അതേസമയം, ട്രെയിൻ മാർഗം എത്തുന്നതിന് ഒരു തടസ്സവുമുണ്ടായില്ല. തീരുമാനങ്ങൾ പ്രാേയാഗികമാകാത്തതിനെ തുടർന്ന് തിങ്കളാഴ്ച യാത്രക്ക് തടസ്സമുണ്ടായില്ല. അതിർത്തി കടക്കുന്നവർ, 72 മണിക്കൂറിനകം എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് കാണിച്ചാൽ മാത്രമേ കർണാടകത്തിലേക്ക് കടത്തിവിടുകയുള്ളൂവെന്നതാണ് പുതിയ നിർദേശം. ബസുകളിൽ കണ്ടക്ടർമാരും സ്വകാര്യ വാഹനങ്ങളെ ടോൾ ബൂത്തുകാരും പരിശോധിക്കും. െട്രയിൻ, വിമാനമാർഗം എത്തുന്നവരെയും പരിശോധിക്കും.
അതേസമയം കേരളത്തിൽ അതിർത്തിയിെല കോവിഡ് പരിശോധന കേന്ദ്രങ്ങളിൽ ആയിരങ്ങൾ സർട്ടിഫിക്കറ്റിനു വേണ്ടിയെത്തി നിരാശരായി മടങ്ങി. പൂടം കല്ല്, മംഗൽപാടി, കുമ്പള ആശുപത്രികളിൽ നീണ്ടനിരതന്നെ അനുഭവപ്പെട്ടു. പലേടത്തും ആൻറിജൻ പരിശോധന നിർത്തലാക്കി ആർ.ടി.പി.സി മാത്രമേ ചെയ്യുന്നുള്ളൂ. മംഗൽപാടി സി.എച്ച്.സിയിൽ നൂറുപേർ സാധാരണ വന്നിടത്ത് തിങ്കളാഴ്ച ആയിരത്തിനടുത്ത് പേരാണ് പരിശോധനക്ക് വന്നത്.
മംഗൽപാടി, കുമ്പള, കാസർകോട് ജനറൽ ആശുപത്രിയിൽ ചൊവ്വാഴ്ച മുതൽ കൂടുതൽ പേർക്ക് ആർ.ടി.പി.സി ആർ ചെയ്യുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തി. എന്നാൽ, ഫലം 24 മണിക്കൂർ കാത്തിരിക്കേണ്ടിവരും. കേന്ദ്ര സർവകലാശാലയിൽ മാത്രമാണ് ലാബുള്ളത് എന്നതാണ് കാരണം. 1200 രൂപയാണ് സ്വകാര്യ ലാബുകൾ കോവിഡ് പരിശോധനക്ക് ചാർജ് ഈടാക്കുന്നത്. അതിർത്തിയിലെ ജനങ്ങൾ നേരിടുന്ന പ്രശ്നം പരിഹരിക്കാൻ കേരള-കർണാടക സർക്കാർതലത്തിൽ ചർച്ച നടത്തുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു.
കാസർകോട്: കേരളത്തിൽ നിന്ന് കർണാടകയിലെത്തുന്ന വിദ്യാർഥികൾക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കർണാടക സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് എം.എസ്.എഫ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കേരള സർക്കാർ ഇടപെടാത്തത് ദൗർഭാഗ്യകരമാണെന്ന് ജില്ല പ്രസിഡൻറ് അനസ് എതിർത്തോട്, ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.
കർണാടക ഹൈകോടതിയിൽ എം.സി. ഖമറുദ്ദീൻ എം.എൽ.എ ഹരജി നൽകി
ഉപ്പള: കോവിഡ് പശ്ചാത്തലത്തിൽ കേരള-കർണാടക അതിർത്തി പാതകൾ ദക്ഷിണ കന്നഡ ജില്ല ഭരണകൂടം അടച്ചിട്ട നടപടികൾ ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എം.സി. ഖമറുദ്ദീൻ എം.എൽ.എ കർണാടക ഹൈകോടതിയിൽ ഹരജി നൽകി. വിദ്യാർഥികളും കച്ചവടക്കാരും ആശുപത്രി സന്ദർശകരുമടക്കം ദിനേന ആയിരക്കണക്കിന് ആളുകൾ കടന്നുപോകുന്ന ഈ പാതകൾ അടച്ചിടുന്നത് വലിയ സാമൂഹിക പ്രശ്നങ്ങളാണ് സൃഷ്ടിക്കുക. ലോക്ഡൗണിനുശേഷം കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് ക്ലാസുകൾ ആരംഭിച്ചതിനാൽ പരീക്ഷക്കും മറ്റും തയാറെടുക്കുമ്പോഴും വ്യാപാരങ്ങൾ പൂർവസ്ഥിതിയിലേക്ക് വരുമ്പോഴും അതിർത്തിയിലൂടെയുള്ള യാത്ര മുടക്കുന്നത് പ്രതിഷേധാർഹമാണ്. അതിർത്തികൾ അടച്ചിട്ടാൽ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും എം.എൽ.എ പറഞ്ഞു.
കർണാടകയിലേക്ക് കടക്കാൻ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടുകൂടി മംഗൽപാടിയിലുള്ള മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിലെ കോവിഡ് ടെസ്റ്റിങ് കേന്ദ്രത്തിൽ നൂറുകണക്കിനുപേർ മണിക്കൂറുകളോളം പൊരിവെയിലത്തുനിന്ന് ബുദ്ധിമുട്ടുന്ന സാഹചര്യമുണ്ട്. കൂടുതൽ മെഡിക്കൽ സംഘത്തെ മംഗൽപാടി, മഞ്ചേശ്വരം മേഖലകളിലേക്ക് അയക്കുമെന്ന് ജില്ല കലക്ടർ എം.എൽ.എക്ക് ഉറപ്പുനൽകി.
കാസർകോട്: കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കാന്‍ കർണാടക സര്‍ക്കാറിനെ സമീപിച്ചതായി ബി.ജെ.പി ജില്ല പ്രസിഡൻറ് അഡ്വ. കെ. ശ്രീകാന്ത്. കാസർകോട് ജില്ലക്കാര്‍ വിദ്യാഭ്യാസത്തിനും തൊഴിലിനും ചികിത്സക്കും ആശ്രയിക്കുന്നത് മംഗളൂരു ഉള്‍പ്പെടെയുള്ള കർണാടകയിലെ നഗരങ്ങളെയാണ്. കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന മംഗൂരുവിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന വലിയൊരു സമൂഹത്തെ ബാധിക്കും. പരീക്ഷകള്‍ അടുക്കാറായതിനാല്‍ വിദ്യാർഥികളും ആശങ്കയിലാണ്. കാസർകോട് ജനതയുടെ ആശങ്കകള്‍ കർണാടക സര്‍ക്കാറിനെ അറിയിച്ചെന്നും അനുകൂലമായ പ്രതികരണമുണ്ടാകുമെന്നും അഡ്വ. കെ. ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
മഞ്ചേശ്വരം: കോവിഡ് വിഷയത്തിൽ അതിർത്തികൾ അടച്ച സംഭവത്തിൽ കേരള-കർണാടക സർക്കാറുകൾ പരിഹാരം ഉണ്ടാക്കണമെന്ന് എസ്.ഡി.പി.എ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പരിഹാരം ഇല്ലെങ്കിൽ ചൊവ്വാഴ്ച മുതൽ മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം ആരംഭിക്കും. മണ്ഡലം പ്രസിഡൻറ് അൻസാർ ഗാന്ധിനഗർ അധ്യക്ഷത വഹിച്ചു. ഇഖ്ബാൽ ഹൊസങ്കടി, മുബാറക് കടമ്പാർ, അഷ്റഫ് ബഡാജെ, സിദ്ദീഖ് മച്ചംപാടി എന്നിവർ സംസാരിച്ചു.
മഞ്ചേശ്വരം: മംഗളൂരുവിലേക്ക് യാത്രവിലക്ക് ഏർപ്പെടുത്താനുള്ള കർണാടക സർക്കാറിെൻറ ശ്രമത്തിനെതിരെ അടിയന്തരമായി ഇടപെടണമെന്ന് വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അയൽ സംസ്ഥാനത്ത് ജോലിചെയ്യുന്നവരും വിദ്യാർഥികളും രോഗികളുമാണ് ഇതിെൻറ ഇരകൾ. ജില്ലയിലെ ജനങ്ങളെയും മഞ്ചേശ്വരം മണ്ഡലത്തിലെ ബഹുഭൂരിഭാഗം ജനങ്ങളെ പ്രത്യേകിച്ചും നേരിട്ട് ബാധിക്കുന്ന വിഷയം അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. മണ്ഡലം പ്രസിഡൻറ് അബ്ദുല്ലത്തീഫ് കുമ്പള അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം കെ. രാമകൃഷ്ണൻ, മണ്ഡലം സെക്രട്ടറി അംബാർ, ട്രഷറർ ഇല്യാസ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.