കാസർകോട്: ഒന്നാംതരംഗത്തിൽ ചികിത്സക്ക് ശ്വാസം മുട്ടിയ ജില്ലയാണ് കാസർകോട്. 20ഒാളം രോഗികൾ ചികിത്സ കിട്ടാതെ മരിച്ചുവെന്ന് പറയാം. ജില്ലക്കാരുടെ സ്ഥിരം ചികിത്സ 'പറ്റു'കാരായ മംഗളൂരുകാരുടെ ആശുപത്രിയിലേക്കുള്ള വഴിയടച്ചു. തലപ്പാടിയിൽ മണ്ണിട്ടുമൂടിയത് കാസർകോട്ടുകാരുടെ ജീവനെയായിരുന്നു. അന്ന് ജില്ലയിൽ ഉയർന്നുകൊണ്ടിരുന്നു കോവിഡ് രോഗികളുടെ എണ്ണത്തിൽ ഭയന്നാണ് കർണാടക അതിർത്തിയടച്ചത്. പതിവ് ചികിത്സകർക്ക് അങ്ങോേട്ടക്കുള്ള വഴിയടച്ചു. തിരിച്ച് കോഴിക്കോടും കണ്ണൂരും എത്താനുള്ള സമയം ലഭിക്കാതെ അവർ വഴിയരികിൽ മൃതിയടഞ്ഞു. രണ്ടാം തരംഗത്തിൽ ജില്ല നേരിടുന്നത് മറ്റൊരു പ്രശ്നമാണ്, ഒാക്സിജൻ.
മംഗളൂരുവിലേക്ക് രോഗികൾക്കുള്ള വഴിയടഞ്ഞിട്ടില്ല. എന്നാൽ, ജില്ലയിൽ വെൻറിലേഷനുള്ള ആശുപത്രികളുടെ എണ്ണം വളരെ കുറവ്. ജില്ലയിൽ മെഡിക്കൽ കോളജ്് പൂർണ അർഥത്തിലില്ല. സ്വകാര്യമേഖലയിൽ പോലും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയില്ല. രോഗിക്ക് വെൻറിലേഷൻ ആവശ്യം വന്നാൽ ആശുപത്രികൾ മംഗളൂരുവിലേക്ക് മാറ്റും. റഫർ ചെയ്യുന്നതിന് ജില്ലയിലെ സ്വകാര്യ ആശുപത്രികൾക്ക് മംഗളൂരുവിൽനിന്നും ലഭിക്കുന്ന കമീഷൻ വളരെ വലുതാണ്. അതുകൊണ്ട് ഒാക്സിജൻ വേണ്ടിവരുന്ന രോഗികളെ മംഗളൂരുവിലേക്ക് അയച്ച് മൊത്തം ചികിത്സ അവിടെയാക്കി കൊയ്ത്ത് നടത്തുകയെന്ന പരമ്പരാഗത ശീലം മാറേണ്ടിയിരിക്കുന്നു.
കാസർകോട്: സാേങ്കതിക കാര്യങ്ങൾ കൂടുതലായതിനാൽ ജില്ലയിലെ ഒാക്സിജൻ പ്ലാൻറ് യാഥാർഥ്യമാകുന്നത് വൈകും. ജില്ലയിലെ ഒാക്സിജൻ പ്രതിസന്ധി കണക്കിലെടുത്ത് യുദ്ധകാലാടിസ്ഥാനത്തിൽ പ്ലാൻറ് നിർമിക്കുന്നതിന് തിരിച്ചടിയാണ് ഇൗ സാേങ്കതികതകൾ. ജില്ല പഞ്ചായത്തിെൻറ നേതൃത്വത്തിൽ പൊതുമേഖലയിൽ ചട്ടഞ്ചാലിൽ സ്ഥാപിക്കുന്ന പ്ലാൻറിെൻറ ടെണ്ടർ നടപടികളാണ് ഇപ്പോൾ ആരംഭിച്ചത്. മേയ് 27 വരെയാണ് ടെണ്ടർ സമർപ്പിക്കാൻ നിശ്ചയിച്ച കാലാവധി. ഇത്രയും ദിവസം നീളുന്നതിനാൽ നിലവിലെ പ്രതിസന്ധിക്ക് പ്ലാൻറ് പരിഹാരമാവില്ലെന്നാണ് ആശങ്ക. ഇ-ടെണ്ടർ സമർപ്പിക്കുന്നതിന് 15 പ്രവൃത്തി ദിനം വേണമെന്ന സാേങ്കതിക കാരണമാണ് പ്രശ്നമായത്. അടിയന്തര കാര്യങ്ങളിൽ ഇത്തരം സാേങ്കതികതകൾ മറികടക്കാൻ കഴിയും. അതിന് സ്െപഷൽ ഉത്തരവാണ് വേണ്ടത്.
എന്നാൽ, ആ വഴിക്ക് ഒരു ശ്രമവും നടക്കുന്നില്ലെന്നാണ് പരാതി. സംസ്ഥാനത്ത് മെഡിക്കൽ ഒാക്സിജന്‍ ഏറ്റവും കൂടുതൽ പ്രയാസം നേരിടുന്ന ജില്ല കൂടിയാണ് കാസർകോട്. സ്വന്തമായി പ്ലാൻറില്ലെന്നതും ഒാക്സിജന്‍ മംഗളൂരുവിനെ മാത്രം ആശ്രയിക്കുന്നതുമാണ് ജില്ലക്ക് തിരിച്ചടിയായത്. ഇതര സംസ്ഥാനങ്ങളിലേക്ക് ഒാക്സിജൻ വിതരണം ചെയ്യുന്നത് കർണാടക വിലക്കിയത് കാസർകോട് ജില്ലയെ മാത്രമാണ് ബാധിച്ചത്. ഒാക്സിജൻ ക്ഷാമംകൂടി വന്നതോടെ ജില്ലയിലെ സ്വകാര്യ ആശുപത്രികൾ രോഗികളെ കൈെയാഴിയുന്ന അവസ്ഥ വരെയെത്തി. ഇൗയവസ്ഥയിൽ പ്ലാൻറ് എങ്ങനെ വേഗത്തിലാക്കാൻ കഴിയുമെന്നാണ് ആലോചിക്കേണ്ടത്. കോഴിക്കോട് ജില്ലയിൽ ഒാക്സിജൻ പ്രയാസം നേരിടുമെന്ന് മുൻകൂട്ടി കണ്ട കലക്ടർ വ്യവസായ ശാലകളിലെ പ്ലാൻറുകൾ പിടിച്ചെടുക്കാൻ ശ്രമം തുടങ്ങിയിരുന്നു. എന്നാൽ, ഇത്തരമൊരു ശ്രമവും കാസർകോട് ഇല്ലെന്നതാണ് ഏറെ ആശങ്കയുണ്ടാക്കുന്നത്.
പ്ലാൻറിന് മാത്രം 1.93 കോടിയെങ്കിലും ചെലവു വരുമെന്നാണ് നിഗമനം. മൊത്തം രണ്ടര കോടിയെങ്കിലും പ്ലാൻറിന് വേണ്ടി വരും. ടെണ്ടർ കഴിഞ്ഞെങ്കിലേ കൃത്യമായ കണക്ക് ലഭിക്കൂ. ജില്ല പഞ്ചായത്തിെൻറ ആഭിമുഖ്യത്തിൽ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പ്ലാൻറ് ഒരുക്കുന്നത്. പ്ലാൻറിെൻറ സിവിൽ പ്രവൃത്തികൾ നിർമിതികേന്ദ്രമാണ് നടപ്പിലാക്കുക. ജില്ല വ്യവസായ കേന്ദ്രം മാനേജറാണ് പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥൻ. കോവിഡ് രൂക്ഷമായ സാഹചര്യം മാത്രം മുന്നിൽ കണ്ടല്ല ജില്ലയിലെ പ്ലാൻറ് നിർമിക്കുന്നതെന്നാണ് പ്രശ്നം.
മംഗളൂരു: ദക്ഷിണേന്ത്യയിൽതന്നെ ഏറ്റവുമധികം ആശുപത്രികൾ സ്ഥിതിചെയ്യുന്ന മംഗളൂരുവിൽ രണ്ടാഴ്ചക്കുള്ള ഒാക്സിജൻ ലഭ്യം. ജില്ല ആശുപത്രിയായ വെൽലോക് ആശുപത്രിക്ക് സ്വന്തമായി ഒാക്സിജൻ പ്ലാൻറ് ഉള്ളതിനാൽ ഇതിൽനിന്നുള്ള ഒക്സിജൻ ശേഖരിച്ചുവെക്കുകയാണ് ചെയ്യുന്നത്. വ്യവസായ ആവശ്യത്തിന് ഒാക്സിജൻ നൽകേണ്ടതില്ലെന്ന് ജില്ല ഭരണകൂടം ഉത്തരവിറക്കിയിട്ടുണ്ട്. ജില്ല ചുമതലയുള്ള മന്ത്രി കോട്ട ശ്രീനിവാസ പൂജാരി ബൈക്കംപാടിയിലെ മൂന്ന് ഒാക്സിജൻ പ്ലാൻറുകൾ സന്ദർശിച്ച് ലഭ്യത ഉറപ്പുവരുത്തി. മൂന്നു യൂനിറ്റുകളിൽനിന്നും ഉൽപാദിപ്പിക്കുന്ന ഒാക്സിജൻ ദക്ഷിണ കന്നട ജില്ലയിലെ ആശുപത്രികളിലേക്ക് മാത്രം നൽകിയാൽ മതിയെന്ന് മന്ത്രി നിർദേശിച്ചു. പ്രാദേശികമായിതന്നെ കൂടുതൽ ഒാക്സിജൻ ഉൽപാദിപ്പിക്കാൻ മന്ത്രി നിർദേശം നൽകി. ജില്ലയിലെ ഒാക്സിജൻ ലഭ്യത നിരീക്ഷിക്കാൻ പ്രത്യേക സമിതിെയ നിയോഗിച്ചു.
ജില്ലയിൽ ഒാക്സിജൻ ഇല്ലെങ്കിൽ ഏറ്റവും കൂടുതൽ രോഗികളെ കടത്തുക മംഗളൂരുവിലേക്കായിരിക്കും. ഏറ്റവും എളുപ്പത്തിൽ എത്തിക്കാൻ പറ്റുന്നയിടവും മംഗളൂരുവിലായിരിക്കും. ഏറ്റവും കൂടുതൽ ആശുപത്രികൾ അവിടെയായതിനാൽ അതിെൻറ ലഭ്യത പ്രതീക്ഷിച്ച് രോഗികൾ മംഗളരൂരു തെരഞ്ഞെടുക്കും. പ്രത്യേക സാഹചര്യം അനുസരിച്ച് െതക്കോട്ട് അംബുലൻസ് പുറപ്പെടുന്നത് പ്രോത്സാഹിപ്പിക്കുകയുമില്ല. മംഗളൂരുവിലാണെങ്കിൽ ഒാക്സിജൻ പ്ലാൻറുകളുമുണ്ട്. ഒന്നാംതരംഗത്തിലെ സ്ഥിതിയല്ല. അതിർത്തി കടന്ന് ആശുപത്രിയിലേക്ക് കടക്കാൻ കേന്ദ്ര സർക്കാറിെൻറ തന്നെ ഉത്തരവുണ്ട്.
ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ ഗുരുതരമായ ഓക്സിജൻ ക്ഷാമം ഉണ്ടായ സാഹചര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്തയച്ചു. മംഗളൂരുവിൽനിന്നും പറശ്ശിനിക്കടവ് ബാൽക്കോ എയർ പ്രോഡക്ട് ലിമിറ്റഡിൽനിന്നുമാണ് ഓക്സിജൻ ലഭിച്ചുകൊണ്ടിരുന്നത്. മംഗളൂരുവിൽനിന്നുള്ള വിതരണം പൂർണമായും നിലച്ചിരിക്കുന്നു. ബാൽക്കോയിൽനിന്നുള്ള വിതരണം തീർത്തും അപര്യാപ്തമാണ്. ഈ സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാൻ അടിയന്തരമായി ഇടപെട്ട് ഓക്സിജൻ ക്ഷാമം പരിഹരിക്കണമെന് എം.പി കത്തിൽ ആവശ്യപ്പെട്ടു.
ജില്ലയിലെ ഓക്‌സിജന്‍ ശേഖരം, ഉപയോഗം എന്നിവയുടെ മേല്‍നോട്ടത്തിനും നിരീക്ഷണത്തിനുമായി ജില്ല ദുരന്ത നിവാരണ അതോറിറ്റി ജില്ലതല സമിതി രൂപവത്കരിച്ചു. ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ഓക്‌സിജന്‍ തടസ്സമില്ലാതെ ലഭ്യമാക്കാന്‍ ഓക്‌സിജന്‍ വാര്‍ റൂമും സജ്ജമാക്കി. കാഞ്ഞങ്ങാട് സയന്‍സ് പാര്‍ക്കിലെ ഡി.പി.എം.എസ്.യുവിലാണ് 24 മണിക്കൂറും ഓക്‌സിജന്‍ വാര്‍ റൂം പ്രവര്‍ത്തിക്കുകയെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ല കലക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കി.ജില്ലതല സമിതിയില്‍ എ.ഡി.എം, ജില്ല മെഡിക്കല്‍ ഓഫിസര്‍, ജില്ല വ്യവസായ കേന്ദ്രം മാനേജര്‍ എന്നിവരാണ് ഉണ്ടാവുക. ഈ അംഗങ്ങളും ജില്ല പൊലീസ് മേധാവി, ആര്‍.ടി.ഒ എന്നിവരുമാണ് ഓക്‌സിജന്‍ വാര്‍ റൂമിലെ നോഡല്‍ ഓഫിസര്‍മാര്‍. ജില്ല മെഡിക്കല്‍ ഓഫിസര്‍ വാര്‍ റൂമിെൻറ സുഗമമായ പ്രവര്‍ത്തനത്തിന് വേണ്ട ക്രമീകരണങ്ങള്‍ ഉറപ്പാക്കും. ജില്ല പൊലീസ് മേധാവി, ആര്‍.ടി.ഒ എന്നിവര്‍ ഉദ്യോഗസ്ഥരെ വിന്യസിക്കും. ഡേറ്റാ എന്‍ട്രിക്ക് വേണ്ട അധ്യാപകരെ ഡി.ഡി.ഇ നിയോഗിക്കും.
ജില്ല പഞ്ചായത്തിെൻറ നേതൃത്വത്തില്‍ ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വിഹിതം ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ഓക്‌സിജന്‍ പ്ലാൻറിനുള്ള നടപടികള്‍ ത്വരിതഗതിയിലാക്കും. കാസര്‍കോട് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല പഞ്ചായത്ത് യോഗത്തിലാണ് തീരുമാനം. ജില്ലയിലെ ഡയാലിസിസ് രോഗികള്‍ക്ക് സൗജന്യ ഡയാലിസിസിനു വേണ്ടി ഡി.പി.സി തയാറാക്കിയ പദ്ധതി ചര്‍ച്ച ചെയ്ത് ജില്ല പഞ്ചായത്ത് വിഹിതം അനുവദിക്കുമെന്ന് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. യോഗത്തില്‍ 7.5 ലക്ഷം രൂപയുടെ വാട്ടര്‍ കണക്ഷന് എസ്റ്റിമേറ്റ് അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.