കാസർകോട്: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത സംരംഭമായ കാസർകോട് ബെൽ ഇ.എം.എൽ കമ്പനി തൊഴിലാളികളുടെ പ്രശ്നത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകിയതായി ജില്ലയിലെ എം.എല്‍.എമാര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് ജില്ലയിലെ എം.എല്‍.എമാര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി.
തൃക്കരിപ്പൂർ എം.എൽ.എ എം. രാജഗോപാലൻ, ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമൻ, കാസർകോട് എം.എൽ.എ എൻ.എ. നെല്ലിക്കുന്ന് എന്നിവരോടൊപ്പം സംയുക്ത തൊഴിലാളി യൂനിയന്‍ പ്രതിനിധികളും നിയമസഭ മന്ദിരത്തില്‍വെച്ചാണ് ചർച്ച നടത്തിയത്. കമ്പനി ഏറ്റെടുക്കുന്നതിന് സംസ്ഥാന സർക്കാർ 6.5 കോടി രൂപയുടെ സഹായം നൽകിയെങ്കിലും ഭെൽ അധികൃതരുടെ അനാസ്ഥകാരണം പണം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
ജീവനക്കാർക്ക് രണ്ടു വർഷമായി ശമ്പളം ലഭിച്ചിട്ടില്ല. വിരമിക്കുന്ന ജീവനക്കാർക്ക് ഗ്രാറ്റിവിറ്റി നൽകുന്നില്ല. മൂന്നു വർഷത്തോളമായി പി.എഫ് വിഹിതം അടക്കാത്തതിനാൽ വിരമിക്കുന്നവർക്ക് പെൻഷനും ലഭിക്കുന്നില്ല. ലോക്ഡൗണ്‍ കാരണം കഴിഞ്ഞ മാർച്ച് 20ന് അടച്ചിട്ട കമ്പനി ഇതുവരെ തുറക്കാത്തതിനാൽ മെഷീനുകൾ തുരുമ്പെടുത്തു.
ബെൽ-ഇ.എം.എൽ കമ്പനിയിലെ ബെല്ലിെൻറ കൈവശമുള്ള 51 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ 2017 ജൂൺ 12ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിക്കുകയും 2019 സെപ്റ്റംബർ അഞ്ചിന് ചേർന്ന മന്ത്രിസഭായോഗം വിൽപന കരാർ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എങ്കിലും കേന്ദ്ര സർക്കാറിെൻറ അന്തിമ അനുമതി ലഭിക്കാത്തതിനാൽ കൈമാറ്റം നടന്നില്ല.
മൂന്നുമാസത്തിനകം കൈമാറ്റം പൂർത്തിയാക്കണമെന്ന ഹൈകോടതി വിധിയും നടപ്പായില്ല. ജീവനക്കാരും കുടുംബങ്ങളും മുഴുപ്പട്ടിണിയിലായ സാഹചര്യത്തിൽ കമ്പനി ഏറ്റെടുത്ത് സംരക്ഷിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് എം.എൽ.എമാർ ആവശ്യപ്പെട്ടു.
'ഭെൽ ഇ.എം.എൽ സംരക്ഷണം ജില്ലയുടെ ആവശ്യം'
കാസർകോട്: ഭെൽ ഇ.എം.എൽ കമ്പനിയുടെ സംരക്ഷണം ജില്ലയുടെകൂടി ആവശ്യമാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ. കമ്പനിയെയും ജീവനക്കാരെയും സംരക്ഷിക്കാൻ ജില്ലയിലെ ജനങ്ങളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി മുന്നോട്ടുവരുമെന്നും അനിശ്ചിതകാല സത്യഗ്രഹത്തിെൻറ ഏഴാം ദിന പരിപാടികൾ ഉദ്ഘാടനം ചെയ്ത് ബേബി ബാലകൃഷ്ണൻ പറഞ്ഞു. എസ്.ടി.യു ജില്ല വൈസ് പ്രസിഡൻറ് എം.എ. മക്കാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.കെ. രാജൻ, ഡി.സി.സി ജനറൽ സെക്രട്ടറി എം. കുഞ്ഞമ്പു നമ്പ്യാർ, വി.സി. മാധവൻ, രമ പത്മനാഭൻ, കെ.എ. മുഹമ്മദ് ഹനീഫ, കെ. ഭാസ്കരൻ സംസാരിച്ചു. സമരസമിതി നേതാക്കളായ ടി.പി. മുഹമ്മദ് അനീസ്, അനിൽ പണിക്കൻ, ബി.എസ്.അബ്ദുല്ല, ടി.വി. ബേബി നേതൃത്വം നൽകി. ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി വി. പവിത്രൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.