കുടുംബശ്രീ അംഗങ്ങളായ ഹരിത കര്‍മസേന വളൻറിയര്‍മാർ

കോവിഡ് പ്രതിരോധ ദൗത്യവുമായി കുടുംബശ്രീ

കാസർകോട്​: കോവിഡ് കാലത്ത് മാസ്‌ക്, സാനിറ്റൈസര്‍ നിര്‍മാണത്തിലും സമൂഹ അടുക്കളകളില്‍ ഭക്ഷണമൊരുക്കിയും പ്രതിരോധ നിരയില്‍ അണിനിരന്ന കുടുംബശ്രീ പുതിയ ദൗത്യവുമായി എത്തുന്നു.മികച്ച പരിശീലനത്തിലൂടെ അണുനശീകരണ രംഗത്തും സജീവമാകാന്‍ തയാറെടുക്കുകയാണ് ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍.

തദ്ദേശ സ്ഥാപനങ്ങളില്‍ മാലിന്യ നിർമാര്‍ജന രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന കുടുംബശ്രീ അംഗങ്ങളായ ഹരിത കര്‍മസേന വളൻറിയര്‍മാരാണ് അണുനശീകരണത്തിനെത്തുന്നത്. ജില്ലയിലെ 14 തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുത്ത അംഗങ്ങള്‍ക്കാണ് പരിശീലനം നല്‍കിവരുന്നത്. ക്വാറൻറീന്‍ കേന്ദ്രങ്ങളായ വീടുകള്‍, സ്ഥാപനങ്ങള്‍, ഓഫിസുകള്‍, ബാങ്കുകള്‍, വാഹനങ്ങള്‍ എന്നിവിടങ്ങളിലാണ് ഇവരുടെ സേവനം ലഭ്യമാവുക. 14 തദ്ദേശ സ്ഥാപനങ്ങളില്‍നിന്നുമായി​ ആറു കുടുംബശ്രീ അംഗങ്ങളെയാണ് തിരഞ്ഞെടുത്ത് പരിശീലിപ്പിക്കുന്നത്.

ആദ്യഘട്ടത്തില്‍ കാഞ്ഞങ്ങാട് ജില്ല ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍നിന്നും രണ്ടാം ഘട്ടത്തില്‍ കുടുംബശ്രീ പരിശീലന ഏജന്‍സിയിലൂടെയുമാണ് പരിശീലനം നല്‍കിവരുന്നത്.

കിനാനൂര്‍-കരിന്തളം, പള്ളിക്കര, മംഗല്‍പാടി, അജാനൂര്‍, കയ്യൂര്‍ -ചീമേനി, പുല്ലൂര്‍ -പെരിയ, വെസ്​റ്റ്​എളേരി, മടിക്കൈ, ഉദുമ, ചെറുവത്തൂര്‍, മുളിയാര്‍, കുറ്റിക്കോല്‍ പഞ്ചായത്തുകളില്‍നിന്നും കാഞ്ഞങ്ങാട്, കാസര്‍കോട് മുനിസിപ്പാലിറ്റികളില്‍നിന്നുമാണ് ആദ്യഘട്ടത്തില്‍ ടീമുകളെ തയാറാക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.