പരാധീനതകൾക്കിടയിൽ നിന്ന് രാജ്യത്തെ എണ്ണംപറഞ്ഞ ഐ.ഐ.ടികളിൽ പ്രവേശനംനേടിയ മിടുമിടുക്കികൾ പുതിയ തലമുറക്ക് ഓൺലൈൻ മാർഗദർശനമേകുന്ന തിരക്കിലാണ്. തൃക്കരിപ്പൂർ നീലംബത്തെ അബ്ദുൽ റഷീദ്-റസിയ ദമ്പതിമാരുടെ മക്കളായ റംസീനയും റിസാനയുമാണ് ലൈവ് തൃക്കരിപ്പൂരിെൻറ വിദ്യാഭ്യാസപ്രവർത്തങ്ങളുടെ ഭാഗമായത്.
സാമ്പത്തിക പരാധീനതകൾമൂലം ഭാവിയും പഠനവും ഇരുട്ടിലായ സാഹചര്യത്തിലാണ് തൃക്കരിപ്പൂരിലെ ലൈറ്റ്സം ഇനീഷ്യേറ്റിവ് ഫോർ വില്ലേജ് എംപവർമെൻറ് (ലൈവ്) ഇവരെ കൈപിടിച്ചുയർത്തിയത്. ലൈവ് പ്രവർത്തകർ ദത്തെടുത്ത ഇരുവരും പ്രവേശനപരീക്ഷകളിൽ ഉയർന്ന റാങ്കോടെ ഐ.ഐ.ടികളിൽ പ്രവേശനം നേടി.
ഇവരുടെ മുഴുവൻ ചെലവുകളും കെ.എം.സി.സിയുടെ സഹായത്തോടെ ലൈവ് തൃക്കരിപ്പൂർ കൂട്ടായ്മയാണ് വഹിക്കുന്നത്. റംസീന ഖരഗ്പുർ ഐ.ഐ.ടിയിൽ എയ്റോസ്പേസ് എൻജിനീയറിങ്ങിനും റിസാന റൂർക്കി ഐ.ഐ.ടിയിൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിനുമാണ് ചേർന്നത്.
ചുരുങ്ങിയ സമയംകൊണ്ട് അവിടെ മികച്ച പ്രവർത്തനം കാഴ്ചവെച്ച ഇരുവരും കോവിഡ്കാലത്ത് നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുമ്പോൾതന്നെ ലൈവിെൻറ എൻട്രൻസ് കോച്ചിങ് മുതൽ പ്ലസ് വൺ പ്രവേശന ഹെൽപ് ഡെസ്ക് വരെ നിരവധി പ്രവർത്തനങ്ങളിൽ സജീവമാണ്. എൻട്രൻസ് പരീക്ഷാർഥികൾക്കായി നടത്തപ്പെട്ട സൗജന്യ ഹ്രസ്വകാല എൻട്രൻസ് കോച്ചിങ് ഒട്ടേറെ പേർക്ക് ഉപകാരപ്രദമായി.
കണ്ണൂർ- കാസർകോട് ജില്ലകളിൽനിന്നായി 105 വിദ്യാർഥികൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു. ലൈവ് ക്ലാസായതുകൊണ്ടു തന്നെ സംശയനിവാരണവും വ്യക്തിഗത ശ്രദ്ധയും നൽകാനായി എന്നത് കോച്ചിങ് ക്ലാസിെൻറ മേന്മയായി കുട്ടികൾ എടുത്തുപറയുന്നു. ഇരട്ട സഹോദരിമാർക്കു പുറമെ തലാൽ മുഹമ്മദും പരിശീലനത്തിന് നേതൃത്വം നൽകുന്നു.
ഇതിനിടെ പ്ലസ് വൺ സയൻസ് വിദ്യാർഥികൾക്കായി ഓൺലൈൻസ് ലൈവ് ബ്രിഡ്ജ് കോഴ്സും ആരംഭിച്ചു. മെട്ടമ്മൽ സി.എച്ച് സ്കൂളിെൻറ പിന്തുണയോടെ ഒരുക്കിയ പരിശീലന പരിപാടിയിലും നൂറോളം പേരാണ് ദിവസവും പങ്കെടുക്കുന്നത്. പഠിതാക്കളുടെ എണ്ണം ദിനേന വർധിച്ചുവരുന്നു. മുൻ വർഷങ്ങളിൽനിന്നു വ്യത്യസ്തവും സങ്കീർണവുമാണ് ഉപരിപഠന കോഴ്സ് തെരഞ്ഞെടുപ്പ്.
ദിവസവും പ്രവർത്തിക്കുന്ന കരിയർ ക്ലിനിക്കിൽ കരിയർ വിദഗ്ധനായ എ.ജി. ഷംസുദ്ദീൻ, സംസ്ഥാന കരിയർ മാസ്റ്റർ അവാർഡ് ജേതാവ് എം. അഹ്‌മദ് റാഷിദ് എന്നിവർ നേതൃത്വം നൽകുന്നു. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് ഓൺലൈൻ മുഖാമുഖം, ഹെൽപ് ഡെസ്ക് തുടങ്ങിയ നടത്തിവരുന്നു. ഇതിലൂടെ ഇരുനൂറിലേറെ പേർ അപേക്ഷകൾ സമർപ്പിച്ചുകഴിഞ്ഞു.
തുടർപിന്തുണ സംവിധാനമെന്ന നിലയിൽ ആഴ്ചയിൽ മുഴുസമയ ഹെൽപ് ലൈൻ സംവിധാനവും ആരംഭിച്ചിട്ടുണ്ട്. ഡയറക്ടർ ഷൗക്കത്തലി അക്കാളത്തിനോടൊപ്പം അധ്യാപകരായ എം. സാദിഖ്, ടി.പി. ഷഫീഖ്, ഷരീഫ് കോളേത്ത് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.