എൻഡോസൾഫാൻ പുനരധിവാസ വില്ലേജിനായി കണ്ടെത്തിയ സ്​ഥലം

എൻഡോസൾഫാൻ പുനരധിവാസ ഗ്രാമത്തിന്​ സാ​േങ്കതികാനുമതി

കാസർകോട്​: എൻഡോസൾഫാൻ ദുരിതബാധിതരുടെ സ്വപ്​നപദ്ധതിയായ എൻഡോസൾഫാൻ പുനരധിവാസ ഗ്രാമം പദ്ധതിക്ക്​ സ​ാ​േങ്കതികാനുമതിയായി. കോവിഡും തെരഞ്ഞെടുപ്പും അതുമായി ബന്ധപ്പെട്ട തടസ്സങ്ങളും കാരണമാണ്​ വൈകിയതെന്ന്​ സ്​പെഷൽ ഒാഫിസർ ഇ.പി. രാജ്​മോഹൻ അറിയിച്ചു. തനിക്കുശേഷം ത​െൻറ മക്കൾക്ക്​ ആരാണ്​ തുണയെന്ന വലിയ ചോദ്യത്തിൽ നിന്നാണ്​ എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള മാതൃക ഗ്രാമം എന്ന ആശയം ഉയരുന്നത്​. എല്ലാ മക്കളും എൻഡോസൾഫാൻ ഇരകളായ അവസ്​ഥയിൽ നിന്നാണ്​ ഇൗ പദ്ധതിയുടെ ബീജാവാപം. ഗൃഹസമാനമായ അന്തരീക്ഷവും തൊഴിൽ പരിശീലന കോഴ്​സുകളും ഉൾപ്പെടെയുള്ള പദ്ധതി സംബന്ധിച്ച്​ അഭിപ്രായ വ്യത്യാസങ്ങളുണ്ട്​. ഇരകളെ മാത്രം പുനരധിവസിപ്പിക്കുകയെന്നതും ഇരകളെ അവരുടെ കുടുംബത്തോടൊപ്പം പുനരധിവസിപ്പിക്കുകയെന്നതുമാണ്​ കാതലായ വ്യത്യാസം.

ഇത്​ രണ്ടും പരിഗണിച്ച്​ ഇരകൾക്ക്​ പുനരധിവാസം നൽകുന്നതിനൊപ്പം കുടുംബത്തിന്​ സമീപത്ത്​ ഹോസ്​റ്റൽ സൗകര്യം ഉൾക്കൊള്ളുന്നതാണ്​ പദ്ധതി. 2020 ജൂലൈ ആറിന്​ അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയാണ്​ പദ്ധതി ഉദ്​ഘാടനം ചെയ്​തത്​. എൻഡോസൾഫാൻ പുനരധിവാസ സെൽ ചെയർമാൻ കൂടിയായ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണ് ശിലാസ്​ഥാപനം നിർവഹിച്ചത്​. മുളിയാറില്‍ നിര്‍മിക്കുന്ന എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തി‍െൻറ ആദ്യഘട്ട പ്രവൃത്തി പത്ത് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന്​ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞിരുന്നു. ആരോഗ്യ മന്ത്രി പറഞ്ഞ പത്തുമാസവും കഴിഞ്ഞ്​ വീണ്ടും പത്തുമാസം കൂടി കഴിഞ്ഞിരിക്കുകയാണ്​. അതേസമയം കോവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും തെരഞ്ഞെടുപ്പും കാരണം വൈകുകയായിരുന്നു. ഉൗരാളുങ്കൽ തൊഴിലാളി സഹകരണ സംഘമാണ്​ പദ്ധതി നടപ്പാക്കുക. അഞ്ച് കോടി രൂപയാണ് കാസര്‍കോട് വികസന പാക്കേജില്‍ വകയിരുത്തിട്ടുള്ളത്. ലോകത്തി‍െൻറ വിവിധ ഭാഗങ്ങളിലുള്ള, പുനരധിവാസവുമായി ബന്ധപ്പെട്ട 24 ഓളം മികച്ച മോഡലുകളെ കുറിച്ച് പഠിച്ചും വിദഗ്​ധരുടെയും പ്രാദേശികതലത്തിലുള്ള അഭിപ്രായം സ്വരൂപിച്ചുമാണ് പുനരധിവാസ ഗ്രാമത്തി‍െൻറ മാസ്​റ്റര്‍ പ്ലാൻ തയാറാക്കിയത്.

25 ഏക്കറിൽ പുനരധിവാസ ഗ്രാമം

കാസർകോട്​: മുളിയാര്‍ പഞ്ചായത്തിലെ 25 ഏക്കര്‍ ഭൂമിയാണ്​ മാതൃക വില്ലേജിന്​ നൽകിയത്​. ദുരിതബാധിതരുടെ വൈകല്യങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്തുക, ദുരിതബാധിതര്‍ക്ക് സംരക്ഷണം ഒരുക്കുക, ശാസ്ത്രീയമായ പരിചരണം നല്‍കുക, 18 വയസ്സിന് മുകളിലുള്ളവരുടെ പുനരധിവാസം ഉറപ്പാക്കുക, ഗൃഹസമാനമായ അന്തരീക്ഷം ഉറപ്പുവരുത്തുക എന്നീ അഞ്ച് ഘടകങ്ങള്‍ക്കാണ് പദ്ധതി ഊന്നല്‍ നല്‍കുന്നത്. ഇതിനായി 58 കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതി യഥാർഥ്യമാകുന്നതോടെ ദുരിതബാധിതരുടെ പുനരധിവാസം സാക്ഷാത്കരിക്കപ്പെടുകയാണ്​ ലക്ഷ്യം. ഭിന്നശേഷി വിഭാഗത്തില്‍പെട്ടവരുടെ ശാരീരികവും മാനസികവുമായ വികസനത്തിന് ശാസ്ത്രീയമായ സംവിധാനങ്ങളാണ് അന്തര്‍ദേശീയ നിലവാരത്തില്‍ പുനരധിവാസ ഗ്രാമത്തില്‍ സജ്ജീകരിക്കുന്നത്. ഇതിലെ പ്രധാനം കെയര്‍ ഹോമുകളാണ്​‍. ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത അഞ്ച് ബെഡ്‌ റൂമുകളുള്ള നാല് വാര്‍ഡുകളടങ്ങിയതാണ് കെയര്‍ഹോം. ശൗചാലയം, ലൈബ്രറി, രണ്ട് റിക്രിയേഷന്‍ റൂമുകള്‍, നാല് ഫിസിയോതെറപ്പി റൂം, 20 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള ക്ലാസ് മുറികള്‍, ഡൈനിങ് റൂം, ഡോക്ടര്‍ കണ്‍സള്‍ട്ടിങ് റൂം, പൂന്തോട്ടം എന്നീ സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 18 വയസ്സിന്​ താഴെയുള്ളവര്‍ക്ക് വേണ്ടിയാണ് ഈ സംവിധാനം ഉപയോഗിക്കുക.

ഗൃഹസമാന അന്തരീക്ഷം

കാസർകോട്​: പുനരധിവാസ ഗ്രാമത്തില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് പ്രത്യേക സംവിധാനം ഒരുക്കും. അത്​ ഗൃഹസമാനമായിരിക്കും. 12 പേര്‍ക്കുവരെ താമസിക്കാവുന്ന 10 യൂനിറ്റുകളുണ്ടാവും. ഓരോ യൂനിറ്റിലും പ്രത്യേക കിടപ്പ് മുറി, അടുക്കള, റിക്രിയേഷന്‍ റൂം, രണ്ട് ലൈബ്രറി, വൊക്കേഷനല്‍ റിഹാബിലിറ്റേഷന്‍ ഫെസിലിറ്റി, പൂന്തോട്ടം, നാല് ഫിസിയോതെറപ്പി റൂം, സ്‌കില്‍ ഡെവലപ്മെന്‍റ്​ സെ​േന്‍റഴ്‌സ്, ഡോക്ടര്‍ കണ്‍സള്‍ട്ടിങ് റൂം എന്നീ സൗകര്യങ്ങളുണ്ടാവും. സ്ത്രീകള്‍ക്ക് പ്രത്യേക പരിചരണം നല്‍കും. തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതിനായി പരിശീലനവും നല്‍കും.

വില്ലേജിലേക്ക് പുതുതായി എത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് പുതിയ അന്തരീക്ഷം വിപരീത ഫലം ഉണ്ടാവുന്നത് ഒഴിവാക്കുന്നതിനായി ഹാഫ് വേ ഹോംസ് സ്ഥാപിക്കും. ഇതില്‍ കിടപ്പുമുറി, ശൗചാലയം, സ്​റ്റാഫ് ഏരിയ തുടങ്ങിയ സൗകര്യങ്ങളുമേര്‍പ്പെടുത്തും. കിടക്കയില്‍ നിന്നെഴുന്നേല്‍ക്കാന്‍ സാധിക്കാത്തവര്‍ക്കും സ്വയം ചലിക്കാന്‍ പറ്റാത്തവര്‍ക്കും പ്രത്യേക പരിചരണത്തിന് സൗകര്യമൊരുക്കും. മലിനജല ശുദ്ധീകരണ പ്ലാൻറ്​, ബയോഗ്യാസ് പ്ലാൻറ്​, വിൻഡ്​ മില്‍, മഴവെള്ള സംഭരണി, ജൈവകൃഷി, ഔഷധസസ്യങ്ങളുടെ പൂന്തോട്ടം തുടങ്ങിയ സൗകര്യങ്ങളും പുനരധിവാസ ഗ്രാമത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

നൂറുപേരിൽ ചുരുങ്ങി

അമ്പലത്തറ കുഞ്ഞികൃഷ്​ണൻ (എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി)

എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള പുനരധിവാസം നൂറുപേരിലേക്ക്​ ചുരുക്കുകയാണുണ്ടായത്​. 2014 അവസാനം സമര പ്രവർത്തകരുടെ മുൻകൈയിൽ മാതൃകാ വില്ലേജി‍െൻറ പദ്ധതി തയാറാക്കി സാമൂഹിക നീതി വകുപ്പ് മന്ത്രി എം.കെ.മുനീറിനെ സമീപിക്കുകയായിരുന്നു. അന്നത്തെ കാഞ്ഞങ്ങാട്​ എം.എൽ.എ ഇ. ചന്ദ്രശേഖരനുമൊപ്പമുണ്ടായിരുന്നു. ദുരിത ബാധിതരായ, പ്രത്യേകിച്ച് മാനസിക വെല്ലുവിളി നേരിടുന്നവരെയും കിടപ്പിലായവരെയും ചേർത്ത് കുടുംബത്തോടെയുള്ള പുനരധിവാസമാണ് പദ്ധതി ലക്ഷ്യമിട്ടത്. മന്ത്രി ഏറെ താൽപര്യത്തോടെയാണ് ഈയൊരു പദ്ധതിയെ സമീപിച്ചത്. തൊട്ടടുത്ത മന്ത്രിസഭ യോഗത്തിൽ തന്നെ ചർച്ചചെയ്ത് പദ്ധതിയുമായി നീങ്ങുമെന്നാണ് വിവരം ലഭിച്ചത്. ഇതിനായി പത്ത് കോടി രൂപ മാറ്റിവെച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പദ്ധതി നടപ്പാക്കാനാവശ്യമായ ഭൂമിക്ക് കേരള പ്ലാ​േന്‍റഷൻ കോർപറേഷനെ സമീപിക്കുന്നതായിരിക്കും ഉചിതമെന്ന് ശ്രദ്ധയിൽ പെടുത്തുകയുണ്ടായി. അന്നത്തെ പി.സി.കെ ചെയർമാനെ സമീപിച്ചപ്പോൾ, സർക്കാർ ആവശ്യപ്പെട്ടാൽ 125 ഏക്കർ സ്ഥലം അനുവദിക്കാമെന്ന് വാക്കാൽ ഉറപ്പുതരികയാണുണ്ടായത്. പത്ത് സെന്‍റ്​ വീതം ഓരോ കുടുംബത്തിനും നൽകാനും വീടുവെച്ചു കൊടുക്കാനുമാണ് പദ്ധതി രേഖ ആവശ്യപ്പെട്ടത്. തൊഴിൽ, ജൈവ കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി സ്വയം സമ്പൂർണ ഗ്രാമത്തെയാണ് പദ്ധതി വിഭാവനം ചെയ്തത്. ഇതിനെ തുടർന്ന് ഔദ്യോഗിക തലത്തിൽ രണ്ട് ശിൽപശാലകൾ കാസർകോടുവെച്ച് നടക്കുകയുണ്ടായി. നിർഭാഗ്യകരമെന്നു പറയട്ടെ സമർപ്പിക്കപ്പെട്ട പദ്ധതി ലക്ഷ്യത്തിൽ നിന്നും വ്യതിചലിച്ച് നൂറ് ദുരിതിബാധിതർക്ക് മാത്രമായി ചുരുങ്ങി. ഇതിലൂടെ, ആർക്കാണോ ഏറ്റവും ആവശ്യമായി വരുന്നത് അവരവിടെ എത്താൻ പോകുന്നില്ലെന്ന് പലരും ചൂണ്ടിക്കാട്ടി.

ഉടൻ യാഥാർഥ്യമാക്കണം

അനീസ മൻസൂർ മല്ലത്ത് (മുളിയാർ ഗ്രാമപഞ്ചായത്ത്ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ)

ഉമ്മൻ ചാണ്ടി സർക്കാർ എൻഡോസൾഫാൻ ദുരിതബാധിതർക്കായി മുളിയാർ പഞ്ചായത്തിൽ അനുവദിച്ച പുനരധിവാസ വില്ലേജ് ഉടൻ യാഥാർഥ്യ മാക്കണം. മുതലപ്പാറയിൽ ഇതിനായി കണ്ടെത്തിയ 25 ഏക്കർ സ്ഥലത്ത് 52 കോടിയുടെ പ്രവൃത്തികളാണ് വിഭാവനം ചെയ്യുന്നത്. എന്നാൽ, അഞ്ച് കോടി രൂപ മാത്രമാണ് കഴിഞ്ഞ സർക്കാർ വകയിരുത്തിയിട്ടുള്ളത്. ആശുപത്രി, ചിൽഡ്രൻസ് പാർക്ക്, സ്വയം തൊഴിൽ പരിശീലന കേന്ദ്രം തുടങ്ങിയ സംവിധാനങ്ങൾ എൻഡോസൾഫാൻ ദുരിതബാധിതർക്കുപുറമെ ഭിന്നശേഷിക്കാർക്കുകൂടി പ്രയോജനപ്പെടുന്നതാണ്. 6727 പേരാണ് നിലവിൽ ദുരിതബാധിതപട്ടികയിലുള്ളത്. 2019ൽ നടത്തിയ രോഗ നിർണയ ക്യാമ്പിലെ പട്ടിക ഇതുവരെ അംഗീകരിച്ചിട്ടില്ല. 

Tags:    
News Summary - Technical Permit for Endosulfan Rehabilitation Village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.