നീലേശ്വരം: ഏറെ കൊട്ടിഘോഷിച്ച് നീലേശ്വരം നഗരസഭ അധികൃതർ നഗരത്തിൽ സ്ഥാപിച്ച സി.സി.ടി.വി കാമറകൾ നോക്കുകുത്തിയായി മാറി. നഗരത്തിൽ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരെയും മറ്റ് സാമൂഹികദ്രോഹികളെയും മോഷ്ടാക്കളെയും എളുപ്പത്തിൽ പിടികൂടാൻ വേണ്ടിയാണ് മുക്കിലും മൂലയിലും കാമറകൾ സ്ഥാപിച്ചത്. ഒപ്പിയെടുക്കുന്ന ദൃശ്യങ്ങൾ പൊലീസുകാർക്കും സഹായമാകുമെന്ന തിരിച്ചറിവിലാണ് നഗരസഭ നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്.
2018 ഏപ്രിലിലാണ് 15 കാമറകൾ ഒന്നിച്ച് നീലേശ്വരത്ത് ആദ്യമായി മിഴി തുറന്നത്. എന്നാൽ കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഓരോ കാമറയും പ്രവർത്തനരഹിതമാകുകയും പിന്നീട് കാലക്രമേണ മുഴുവൻ കാമറകളും കണ്ണടഞ്ഞ നിലയിലുമായി. 15 കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ കാണത്തക്ക വിധത്തിൽ നഗരസഭ ഓഫിസ് മുറിയിൽ മോണിറ്ററിങ് സംവിധാനത്തിൽ ക്രമീകരിച്ചിരുന്നു. നിരീക്ഷണ കാമറക്കായി 15.60 ലക്ഷം രൂപയായിരുന്നു നഗരസഭ അധികൃതർ മുടിച്ചുകളഞ്ഞത്.
ദേശീയപാതയിൽ നിടുങ്കണ്ട കുമ്മായ ഫാക്ടറി മുതൽ കരുവാച്ചേരി വരെയും മാർക്കറ്റ് ജങ്ഷൻ മുതൽ കോൺവന്റ് ജങ്ഷൻ വരെയുള്ള 15 കേന്ദ്രങ്ങളിലായിരുന്നു കാമറകൾ സ്ഥാപിച്ചത്. കണ്ണൂർ ഗ്ലോബൽ നെറ്റ് വർക്ക് ഐ.ഡി സൊല്യൂഷൻ പ്രൈവറ്റ് കമ്പനിയാണ് കരാർ ഏറ്റെടുത്ത് കാമറകൾ സ്ഥാപിച്ചത്. 2018ൽ പ്രഫ. കെ.പി. ജയരാജൻ നഗരസഭ ചെയർമാനായ സി.പി.എം ഭരണ സമിതിയാണ് പദ്ധതി നടപ്പിലാക്കിയത്. തുടർന്ന് വീണ്ടും ടി.വി. ശാന്ത ചെയർപേഴ്സനായുള്ള ഭരണസമിതി വന്നിട്ട് മൂന്നുവർഷം കഴിഞ്ഞിട്ടും കേടായ കാമറകൾ ശരിയാക്കാൻ നടപടി എടുത്തിട്ടില്ല. ദേശീയപാത വികസത്തിന്റെ ഭാഗമായി കുറച്ച് കാമറകൾ ഇല്ലാതായി. ബാക്കി നഗരത്തിലുള്ള കാമറകളെല്ലാം ഒടിഞ്ഞുതൂങ്ങിക്കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.