നീലേശ്വരം: 18 വർഷം മുമ്പത്തെ കലഹവും ദുരിതവും നിറഞ്ഞ കാലത്തിൽനിന്ന് രക്ഷപ്പെടാൻ പേരും മതവും മാറ്റി പലയിടങ്ങളിൽ കഴിഞ്ഞ ഒരു പിതാവിെൻറ കഥ. വർഷങ്ങൾക്കുശേഷം മകൻ തേടിയെത്തിയപ്പോൾ കാഞ്ഞങ്ങാട് അമ്പലത്തറ സ്നേഹാലയത്തിൽ അരങ്ങേറിയത് അവിശ്വസനീയമായൊരു ജീവിതത്തിെൻറ തിരയിറക്കം. 18 വർഷം മുമ്പ് കാണാതായ പിതാവിനെ തേടിയാണ് മൂവാറ്റുപുഴയില്‍നിന്ന് മകന്‍ മനാഫും സഹോദരീ ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെടെ അഞ്ചുപേര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ജോസഫ് എന്നുപേരായ 68കാരനെ കാസര്‍കോട് പൊലീസ് കുളിപ്പിച്ചും പുതുവസ്ത്രവും ഭക്ഷണവും നല്‍കി പരിചരിച്ച് അമ്പലത്തറ സ്നേഹാലയത്തിൽ എത്തിച്ച പത്രവാര്‍ത്തകളും വിഡിയോ ദൃശ്യവും വാട്സ്‌ആപ് ഗ്രൂപ്പുകളിലും സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചതറിഞ്ഞാണ് അവർ എത്തിയത്.
'ഇവരൊന്നും എെൻറ ആരുമല്ല, എനിക്ക് ബന്ധുക്കളുമില്ല' എന്നായിരുന്നു വയോധികെൻറ ആദ്യ പ്രതികരണം. 'ജോസഫി'നെ മകന്‍ മനാഫ് ചേര്‍ത്തുപിടിച്ചുചോദിച്ചു:. 'ഉപ്പാ എന്നെ മറക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ? നിങ്ങളുടെ പേരക്കുട്ടികളെ മറക്കാന്‍ നിങ്ങള്‍ക്ക് ആകുമോ? അവരെ നിങ്ങള്‍ക്ക് കാണണ്ടേ...' ആ ചോദ്യത്തിന് മുന്നിൽ അടക്കിപ്പിടിച്ചതെല്ലാം പൊട്ടിപ്പോയി. 'ജോസഫ്' സത്യം തുറന്നുപറഞ്ഞു. താന്‍ മൂവാറ്റുപുഴയിലെ മൊയ്തീന്‍ ആണ്. ബന്ധുക്കള്‍ക്കും വീട്ടുകാര്‍ക്കും ഒന്നും ചെയ്തുകൊടുത്തില്ലല്ലോ എന്ന കുറ്റബോധത്തില്‍നിന്നാണ് നാടുവിട്ടത്. ബാബരി മസ്ജിദ് തകര്‍ത്ത കാലത്ത് ഹിന്ദുവായാലും മുസ്ലിമായാലും പ്രശ്നമാണെന്ന് കരുതിയാണ് 'ജോസഫ്' എന്ന പേര് സ്വീകരിച്ചത്.
സ്വന്തം മകനെ കൺമുന്നിൽ കണ്ടിട്ടും കാണാത്ത ഭാവം നടിച്ചതിെൻറ കുറ്റബോധമായിരുന്നു വയോധികെൻറ വാക്കുകളിൽ. ഒടുവിൽ മകെൻറ കൈ ചേർത്തുപിടിച്ചപ്പോൾ കനലെരിഞ്ഞിരുന്ന ഹൃദയത്തിൽനിന്ന് എല്ലാ കാര്യങ്ങളും പുറത്തേക്ക് വന്നു. കണ്ണുകൾ നിറഞ്ഞുതുളുമ്പിയപ്പോൾ ആശ്വസിപ്പിക്കാൻ പൊലീസും ഒപ്പം കൂടി. ബുധനാഴ്ച വൈകീട്ടോടെ മകനോടും ബന്ധുക്കളോടുമൊപ്പം പൊലീസും സ്നേഹാലയം അധികൃതരും ചേർന്ന് മുവാറ്റുപുഴയിലേക്ക് യാത്രയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.