നീലേശ്വരം: ദേശീയപാതയിൽ അവശേഷിക്കുന്ന ഏക റെയിൽവേ ഗേറ്റ് ഒഴിവാക്കി നിർമാണം പൂർത്തിയായ പള്ളിക്കര റെയിൽവേ മേൽപാലം ഒരാഴ്ചള്ളിൽ തുറന് കൊടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റി കൺസൽട്ടന്റായ ഫീഡ്ബാക്ക് ഇൻഫ്ര പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പ്രോജക്ട് മാനേജർ ബി.വി. രാമകൃഷ്ണൻ പള്ളിക്കര മേൽപാലം ബുധനാഴ്ച സന്ദർശിച്ചു. തുടർന്ന് എം. രാജഗോപാലൻ എം.എൽ.എയുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സാങ്കേതിക കുരുക്കുകൾ തീർക്കാൻ മൂന്നു ദിവസം വേണമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു.
ഇത് സംബന്ധിച്ച വിവരങ്ങൾ എൻ.എച്ച്.ഐയുടെ തിരുവനന്തപുരം മേഖല ഓഫിസിലേക്ക് അയച്ചിട്ടുണ്ട്. ഇതിന് വ്യാഴാഴ്ച തന്നെ മറുപടി ലഭിക്കും. തുടർന്ന് പാലം തുറക്കാനുള്ള അനുമതി ലഭ്യമാക്കും. മേൽപാലം തുറക്കുന്നതോടെ സർവിസ് റോഡുകളുടെ പണി ആരംഭിക്കും. റോഡിലേക്ക് ആളുകൾ കടന്നുവരാതിരിക്കാൻ വീടുകൾക്കു മുന്നിൽ ഹാൻഡ് റെയയ്ലുകളും ഷീറ്റ് കവറിങ് എന്നിവയും സ്ഥാപിക്കും. ഇതിനായി പ്രദേശവാസികളുമായി സംസാരിച്ച് ധാരണയാക്കും. നീലേശ്വരം നഗരസഭ വികസനകാര്യ സമിതി സ്ഥിരം അധ്യക്ഷൻ പി. സുഭാഷ്, നഗരസഭ കൗൺസിലർ പി. കുഞ്ഞിരാമൻ, പാലം നിർമാണം വേഗത്തിലാക്കാൻ രാപ്പകൽ സമരം നടത്തിയ മുൻ എം.പി.പി കരുണാകരൻ, സി.പി.എം നീലേശ്വരം സെൻറർ ലോക്കൽ സെക്രട്ടറി കെ. ഉണ്ണിനായർ, ബി.ജെ.പി മണ്ഡലം സെക്രട്ടറി സാഗർ ചാത്തമത്ത്, ട്രഷറർ ടി. രാധാകൃഷ്ണൻ, എ. രാജീവൻ എന്നിവരും പാലം സന്ദർശന സംഘത്തോടൊപ്പം ഉണ്ടായിരുന്നു. റെയിൽവേ മേൽപാലം തുറക്കുന്നതോടെ ദേശീയപാതയിലെ പള്ളിക്കര ഗേറ്റ് ചരിത്രത്തിലേക്ക് വഴിമാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.