നീലേശ്വരം: ഡി.വൈ.എഫ്.ഐ കരിന്തളം വെസ്റ്റ് മേഖല സമ്മേളനത്തിൽ സി.പി.എം പാർട്ടി യോഗത്തിൽ എടുത്ത തീരുമാനം അട്ടിമറിച്ച ഏഴ് ഡി.വൈ.എഫ്.ഐ ഭാരവാഹികളെ സി.പി.എമ്മിൽ നിന്ന് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. കിനാനൂർ കരിന്തളം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. അഭിത് കുമാർ, കരിന്തളം വില്ലേജ് പ്രസിഡന്റ് വിഷ്ണു, ജോ. സെക്രട്ടറിമാരായ ഷൈനോജ്, ആദർശ്, വൈസ് പ്രസിഡന്റ് അമൽ, എക്സി. കമ്മിറ്റി അംഗങ്ങളായ സുധീഷ്, നിതീഷ് എന്നിവരെയാണ് പാർട്ടിയിൽ നിന്ന് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. ബുധനാഴ്ച ചേർന്ന സി.പി.എം നീലേശ്വരം ഏരിയ കമ്മിറ്റിയാണ് നടപടി എടുത്തത്.
ജൂലൈയിൽ നടന്ന കരിന്തളം വെസ്റ്റ് മേഖല സമ്മേളനത്തിലാണ് പാർട്ടി തീരുമാനം അട്ടിമറിക്കപ്പെട്ടത്. സമ്മേളനത്തിന് മുമ്പായി ചേർന്ന സി.പി.എം ഫ്രാക്ഷനിൽ നിലവിലുള്ള സെക്രട്ടറി നിതിനും പ്രസിഡന്റ് ശ്യാം ചന്ദ്രനും തുടരാനാണ് പാർട്ടി നിർദേശിച്ചത്. എന്നാൽ പ്രസിഡന്റ് ശ്യാം ചന്ദ്രൻ തൽസ്ഥാനത്തേക്കില്ലെന്ന് പാർട്ടിയെ അറിയിച്ചിരുന്നു. തുടർന്ന് വില്ലേജ് കമ്മിറ്റി അംഗം വിഷ്ണു പ്രസിഡന്റും നിതിൻ സെക്രട്ടറിയാകാനും തീരുമാനമെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഡി.വൈ.എഫ്.ഐ കരിന്തളം മേഖല സമ്മേളനത്തിൽ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പുതിയ അംഗങ്ങൾ ഭാരവാഹികളെ തെരഞ്ഞെടുക്കാനായി യോഗം ചേർന്നപ്പോഴാണ് അട്ടിമറി നടന്നത്. ഇത് പാർട്ടി അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് നേതൃത്വം നീലേശ്വരം ഏരിയ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.