നീലേശ്വരം: ഷോട്ട്പുട്ടിൽ ഇന്ത്യക്കുവേണ്ടി കുപ്പായമിട്ട അനുപ്രിയക്ക് ഷോൾഡറിലെ പരിക്കുകാരണം ഇക്കുറി മത്സരിക്കാനായില്ല. കെ.സി ത്രോ അക്കാദമിയിൽ കെ.സി. ഗിരീഷിന്റെ ശിക്ഷണത്തിൽ കഴിഞ്ഞ നാലു വർഷമായി ഷോട്പുട്ടിൽ പരിശീലനം നേടിവരികയായിരുന്നു. 2023ലെ കോമൺവെൽത്തിലും ഏഷ്യൻ മീറ്റിലും വെങ്കല മെഡൽ ആദ്യമായി ഇന്ത്യക്കുവേണ്ടി നേടിക്കൊടുത്തത് അനുപ്രിയയാണ്.
എന്നാൽ, സ്കൂളിലെ അവസാന മത്സരം നഷ്ടപ്പെട്ടതിന്റെയും ഇപ്രാവശ്യത്തെ കായികമേളയുടെ ഭാഗമാകാൻ പറ്റാത്തത്തിലുമുള്ള വിഷമം ഉള്ളിലൊതുക്കുകയാണ് അനുപ്രിയയും രക്ഷിതാക്കളും. അതേസമയം, മകൾക്കുവേണ്ടി മത്സരം വീക്ഷിക്കാൻ ചെങ്കൽ തൊഴിലാളി കൂടിയായ കെ. ശശി രാവിലെതന്നെ ഇ.എം.എസ് ഗ്രൗണ്ടിലെത്തിയിരുന്നു. മകൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ പറ്റാത്തതിന്റെ വിഷമം ആ പിതാവിന്റെ മുഖത്തുണ്ടായിരുന്നെങ്കിലും മകളുടെ കൂടെയുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ മുന്നിലുണ്ടായിരുന്നു.
പ്ലസ് ടുവിന് ഉദിനൂർ ജി.എച്ച്.എസ്.എസിൽ പഠിക്കുന്ന അനുവിന് കഴിഞ്ഞ ഏഴുമാസം മുമ്പാണ് ഷോൾഡറിന് പരിക്ക് പറ്റുന്നത്. പരീക്ഷക്ക് മാത്രമാണ് സ്കൂളിൽ പോകുന്നത്. 17.22 മീറ്റർ ഖേലോ ഇന്ത് റെക്കോഡ്, 17.40 മീറ്റർ സീനിയർ സ്കൂൾ നാഷനൽ റെക്കോഡ് എന്നിവ അനുപ്രിയയുടെ നേട്ടമായുണ്ട്. സഹോദരൻ അഭിഷേക് പവർ ലിഫ്റ്ററാണ്. മാതാവ് വി. രജനി എല്ലാ പിന്തുണയുമായി കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.