നീലേശ്വരം: ബോംബിന്‍റെ ഉഗ്രശബ്ദം ഇപ്പോഴും ആഷ് ലിയുടെ കാതുകളിൽ മുഴങ്ങിക്കേൾക്കുന്നു. തീനാളങ്ങൾ എല്ലാം കത്തിച്ചാമ്പലാക്കുമ്പോൾ ശ്വാസം അടക്കിപ്പിടിച്ച് നോക്കിനിൽക്കാനേ ഇവർക്ക് കഴിഞ്ഞുള്ളു. ചീറിപ്പാഞ്ഞ വെടിയുണ്ടകളുടെ ഇടയിൽനിന്ന് ജന്മനാടായ കുന്നുംകൈയിൽ എത്തിയപ്പോഴാണ് ആഷ് ലിയുടെ നെഞ്ചിടിപ്പ് നേരെയായത്.
യുക്രെയ്നിൽ റഷ്യ യുദ്ധം തുടങ്ങിയ ആദ്യദിവസം ബോംബ് വർഷിച്ച വിമാനത്താവളമാണ് ഇവാനോ ഫ്രാങ്ക് വിസ്‌കിലേത്. ഇതിന്‍റെ തൊട്ടടുത്തുള്ള നാഷനൽ മെഡിക്കൽ സർവകലാശാലയിൽ നാലാം വർഷ മെഡിസിൻ വിദ്യാർഥിയാണ് വെസ്‌റ്റ് എളേരി കുന്നുംകൈയിലെ ആഷ് ലി ജോർജ്.
ബോംബ് വർഷം നടക്കുന്നതിന്‍റെ തലേദിവസം രക്ഷപ്പെടാൻ അറിയിപ്പ് ലഭിച്ചെങ്കിലും സർവകലാശാലയുടെ അനുമതിയില്ലാത്തതിനാൽ ഫെബ്രുവരി 27വരെ പിടിച്ചുനിന്നു. വിദ്യാർഥികൾ പ്രതിഷേധിച്ചതോടെയാണ് ഒടുവിൽ ബങ്കറിൽനിന്ന് പുറത്തിറങ്ങാൻ അനുവാദം നൽകിയത്. മിസൈൽ വീണ് കെട്ടിടങ്ങൾ തീഗോളമായി മാറുന്നത് നേരിൽക്കണ്ട ആഷ് ലിയും കൂട്ടുകാരും ഒരു വാഹനത്തിൽ 200 കിലോമീറ്റർ ദൂരമുള്ള റുമാനിയയിലേക്കാണ് രക്ഷപ്പെട്ട് എത്തിയത്. പിന്നീട് അതിർത്തിയിൽ 30 കിലോമീറ്ററോളം ദൂരത്തിലായിരുന്നു ഊഴവുംകാത്ത് നിൽക്കുന്നവരുടെ നിര. അതിർത്തി കടക്കാൻ 16 മണിക്കൂറാണ് കാത്തുനിന്നത്. യുക്രെയ്ൻകാരുടെ ആക്രമണവും നേരിട്ടു.
റുമാനിയയിലെ ബുക്കറസ്‌റ്റ് വിമാനത്താവളത്തിൽനിന്ന് ഇന്ത്യൻ എയർഫോഴ്സിന്റെ വിമാനത്തിൽ ന്യൂഡൽഹിയിലെത്തി. കേരള ഹൗസിൽ താമസിച്ച് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ വിമാനത്തിൽ കൊച്ചിയിലെത്തി. കുന്നുംകൈയിലെ മാളിയേക്കൽ ജോർജിന്റെയും ബിജിയുടെയും മകളാണ് ആഷ് ലി ജോർജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.