നീലേശ്വരം: വെള്ളരിക്കുണ്ട് താലൂക്കിൽ കിനാനൂർ വില്ലേജിൽ സർക്കാർഭൂമി സ്വകാര്യവ്യക്തികൾ വ്യാപകമായി കൈയേറുന്നതായി പരാതി. നീലേശ്വരം -ഇടത്തോട് റോഡിൽ പാതടുക്കം റോഡിനു എതിർവശം ഭൂമിയിലാണ് സ്വകാര്യവ്യക്തി ഭൂമി കൈയേറിയത്. സർവേ നമ്പർ 445ൽപെട്ട സ്ഥലമാണ് സ്വകാര്യവ്യക്തി മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് നിരപ്പാക്കി അളന്നുതിട്ടപ്പെടുത്തിയത്.
ഇവിടെ സർക്കാർസ്ഥലം മുന്നേ ഒഴിച്ചിട്ടതായിരുന്നു. ഈ ഭൂമി കെ.എസ്.ഇ.ബി ഓഫിസിനുവേണ്ടി കണ്ടെത്തുകയും ചെയ്തിരുന്നു. പാവപ്പെട്ടവർക്ക് വീടുവെക്കാനും സർക്കാർ ആവശ്യത്തിന് സ്ഥലം കണ്ടെത്താനും നെട്ടോട്ടമോടുമ്പോഴാണ് സ്വകാര്യവ്യക്തി സർക്കാർസ്ഥലം കൈയേറി ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഇതിനെതിരെ നാട്ടുകാർ ഒപ്പുശേഖരിച്ച് കിനാനൂർ വില്ലേജ് അധികാരികൾക്കും ജില്ല കലക്ടർക്കും പരാതി നൽകി. അതുപോലെ സ്ഥലത്തിന്റെ പട്ടയം സംബന്ധിച്ചും വിവരാവകാശനിയമമനുസരിച്ച് നാട്ടുകാരിലൊരാൾ അപേക്ഷ നൽകിയിട്ടുണ്ട്.
ഇതുപോലെ തൊട്ടടുത്ത നരിമാളം വളവിൽ സ്വകാര്യവ്യക്തി സർക്കാർ സ്ഥലം കൈയേറി മണ്ണിട്ട് നികത്തി നഴ്സറിയും തുടങ്ങിയിട്ടുണ്ട്. ഇതിനെതിരെ നാട്ടുകാർ വില്ലേജ് ഓഫിസർക്ക് പരാതി നൽകിയെങ്കിലും വില്ലേജ് ഓഫിസർ നഴ്സറി തുടങ്ങിയ വ്യക്തിയെ സഹായിക്കുന്നതായി ആക്ഷേപമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.