നീലേശ്വരം: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നീലേശ്വരം നഗരത്തെ രണ്ടായി വിഭജിക്കുന്ന എംബാങ്ക്ഡ് പാലം (മണ്ണിട്ടുയർത്തിയുള്ള പാലം) നിർമാണ പ്രവൃത്തി താൽക്കാലികമായി നിർത്തിവെച്ചു. നീലേശ്വരം നഗരസഭ സർവകക്ഷി കമ്മിറ്റിയുടെ ഇടപെടൽ മൂലം പാലം നിർമാണ പ്രവൃത്തി ആരംഭിച്ച പിറ്റേ ദിവസം തന്നെ നിർത്തിവെക്കുകയായിരുന്നു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് നഗരസഭ അധികൃതർ നിർമാണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മെയിൽ സന്ദേശം അയച്ചതിനെ തുടർന്നാണ് നിർമാണം നിർത്തിയത്.
നീലേശ്വരം നഗരത്തിലേക്കുള്ള യഥാർഥ പ്രവേശന കവാടം അടയുകയും പകരം പൊലീസ് സ്റ്റേഷന് മുന്നിൽ നിർമിക്കുന്ന അടിപ്പാത വഴി മാത്രമേ നഗരത്തിലേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളു. ഇതിന് പരിഹാരമായാണ് നീലേശ്വരത്ത് ആകാശപാത നിർമിക്കണമെന്ന ആവശ്യം ശക്തമാത്. ഇതിനായി നഗരസഭ അധികൃതർ ചെയർപേഴ്സൻ ടി.വി. ശാന്തയുടെ നേതൃത്വത്തിൽ എല്ലാ രാഷ്ടീയ പാർട്ടി നേതാക്കളെയും ഉൾപ്പെടുത്തി സർവകക്ഷി കമ്മിറ്റി രൂപവത്കരിച്ച് പ്രക്ഷോഭം ആരംഭിക്കാൻ തീരുമാനിച്ചു.
പിന്നീട് സർവകക്ഷിസംഘം മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി എന്നിവർക്ക് ആകാശപാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി. എന്നാൽ നഗരസഭ അധികൃതർ കൃത്യമായി പ്രശ്നത്തിൽ ഇടപെടുന്നില്ലെന്നും സമരപരിപാടികൾ നടത്തുന്നില്ലെന്നും ആരോപിച്ച് യു.ഡി.എഫ് കമ്മിറ്റി പ്രത്യേകമായി ദേശീയപാതയോരത്ത് സത്യഗ്രഹ സമരം നടത്തി. പിന്നീട് രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖേന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് ആകാശപാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി.
അനുഭാവപൂർവം പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി എം.പിക്ക് മറുപടി നൽകുകയും ചെയ്തു. തുടർന്ന് സർവകക്ഷി സംഘത്തിൽ നിന്ന് യു.ഡി.എഫിനെ ഒഴിവാക്കി നഗരസഭ ചെയർപേഴ്സന്റെ നേതൃത്വത്തിൽ ബി.ജെ.പി നേതാക്കളടക്കമുള്ള സർവകക്ഷി സംഘം ഡൽഹിയിലെത്തി മന്ത്രി നിതിൻ ഗഡ്കരി, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ എന്നിവർക്ക് നിവേദനം നൽകി. ആവശ്യങ്ങൾ പരിഗണിക്കാമെന്നും പരിഹാരം കാണുമെന്നും മന്ത്രിമാർ ഉറപ്പ് നൽകി. ഇതിനിടയിൽ കഴിഞ്ഞ ദിവസം ദേശീയപാത പൊലീസ് സ്റ്റേഷന് മുന്നിൽ എംബാങ്ക്ഡ് ബ്രിഡ്ജിന്റെ നിർമാണം ആരംഭിച്ചു. ഇതോടെ നഗരസഭ അധികൃതർ പ്രവൃത്തി നിർത്തിവെക്കണമെന്നും ശാശ്വത പരിഹാരം കാണാതെ നിർമാണം നടത്തരുതെന്നും ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് അടിയന്തര മെയിൽ സന്ദേശം അയച്ചു. ഇതാണ് നിർമാണ പ്രവൃത്തി നിർത്തിവെക്കാൻ കാരണമെന്ന് നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.