നീലേശ്വരം: സി.പി.എം.പ്രദേശിക നേതൃത്വം ഊരുവിലക്ക് കൽപ്പിച്ച കുടുംബം വീണ്ടും തൊഴിലാളികളെ എത്തിച്ച് പറമ്പിൽ നിന്ന് തേങ്ങയിട്ടു. പാലായിലെ എം.കെ. രാധയുടെ കുടുംബത്തിന് ഏർപ്പെടുത്തിയ ഊരുവിലക്ക് മറികടന്നാണ് ചൊവാഴ്ച പുറത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവന്ന് പറമ്പിലെ തെങ്ങിൽനിന്ന് തേങ്ങയിട്ടത്. പാലായി ഷട്ടർ കം ബ്രിഡ്ജ് നിർമിക്കുമ്പോൾ റോഡിനു ഭൂമി നൽകിയില്ലെന്ന കാരണം പറഞ്ഞാണ് രാധയുടെ കുടുംബത്തിന് സി.പി.എം പാലായി പ്രാദേശികനേതൃത്വം എട്ടുവർഷത്തോളമായി ഊരുകൽപിച്ചിരിയുന്നത്.
ചൊവ്വാഴ്ച പൊലീസ് കാവലിലാണ് രാധ പറമ്പിലെ തേങ്ങ പറിച്ചത്. എന്നാൽ, പാർട്ടി നേതൃത്വമോ പ്രവർത്തകരോ തൽസമയം എതിർപ്പുമായി രംഗത്തുവന്നില്ല. കഴിഞ്ഞ മാർച്ച് 24ന് രാധ മകളും കൊച്ചുമകളുമായിവന്ന് പടന്നക്കാട് നിന്ന് രണ്ട് തൊഴിലാളികളെ കൊണ്ടുവന്ന് പറമ്പിൽനിന്ന് തേങ്ങയിടുമ്പോൾ പത്തോളം സി.പി.എം പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിലേക്ക് എത്തിയിരുന്നു. പ്രാദേശിക നേതാക്കളടക്കമുള്ളവർ പറമ്പിൽ കയറി തൊഴിലാളികളെ ഭീഷണിപ്പെടുത്തി തേങ്ങയിടുന്നത് നിർത്തിവെപ്പിച്ചിരുന്നു. നീലേശ്വരം പോലീസ് സ്ഥലത്തെത്തിയെങ്കിലും പാർട്ടി പ്രവർത്തകർ തേങ്ങയിടുന്നത് തടയുകയായിരുന്നു. എന്നാൽ, രാധയുടെ കൊച്ചുമകൾ സംഭവങ്ങളുടെ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചതിനാൽ പാർട്ടി നേതൃത്വം പ്രതിരോധത്തിലായി. ദൃശ്യം സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെ സി.പി.എം. ജില്ല നേതൃത്വത്തിന് ഇടപെടേണ്ടി വന്നു. ദ്യശ്യത്തിൽ പാലായിലെ സി.പി.എം. പ്രാദേശിക നേതാവ് അശ്ലീല ചുവയോടുള്ള വാക്കുകൾ പുറത്തുവന്നതോടെ നേതൃത്വം കൂടുതൽ പ്രതിരോധത്തിലായി.
പറമ്പിൽ അതിക്രമിച്ച് കടന്നതിന് രാധ പൊലീസിൽ പരാതി നൽകിയിരുന്നു. കുടുതൽ പ്രതിരോധത്തിലായ സി.പി.എ നേതൃത്വം ചൊവാഴ്ച രാവിലെ തൊഴിലാളികളുമായെത്തി പോലീസ് സംരക്ഷണയിൽ തേങ്ങയിട്ട് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.