നീലേശ്വരം: പ്രസവവേദനയുമായി എത്തിയ യുവതിക്ക് രക്ഷകരായി മാലാഖയെ പോലെ ഡോക്ടറും നഴ്സും. ചോയ്യങ്കോട് ഹെൽത്ത് കെയർ ക്ലിനിക്കിലെ ഡോ. ആതിര ബെന്നിയും സഹപ്രവർത്തകരുമാണ് ഓട്ടോയിൽ പെൺകുഞ്ഞിന് ജന്മം നൽകിയ യുവതിക്ക് സഹായത്തിനെത്തിയത്. വ്യാഴാഴ്ച പുലർച്ച നാലരക്ക് പ്രസവവേദനയെ തുടർന്നാണ് കരിന്തളം സ്വദേശിനിയായ യുവതിയും ബന്ധുക്കളും ചോയ്യങ്കോട് ഹെൽത്ത് കെയർ ക്ലിനിക്കിൽ എത്തുന്നത്.
ജില്ല ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പൂർണഗർഭിണിയുടെ നിലവിളിക്ക് ആക്കം കൂടിയതോടെ പരിഭ്രാന്തരായ ബന്ധുക്കളും ഓട്ടോ ഡ്രൈവറും തൊട്ടടുത്ത ചോയ്യകോട് ഹെൽത്ത് കെയർ ക്ലിനിക്കിലേക്ക് വണ്ടിതിരിച്ചു. പ്രസവത്തിനുള്ള അടിസ്ഥാനസൗകര്യങ്ങൾപോലും ഇവിടെ ഉണ്ടായിരുന്നില്ലെങ്കിലും പ്രാഥമിക പരിശോധന നടത്താൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ആതിര ബെന്നിയും സ്റ്റാഫ് നഴ്സ് പ്രസന്നയും തയാറായി.
ഓട്ടോയിൽനിന്ന് ഇറങ്ങാൻ പ്രയാസമനുഭവിച്ച യുവതിയെ പരിശോധിക്കുമ്പോഴേക്കും പ്രസവം നടന്നിരുന്നു. പ്രസവശേഷം ഉടൻതന്നെ തുടർചികിത്സക്കായി ജില്ല ആശുപത്രിയിലെത്തിച്ച അമ്മയും കുഞ്ഞും സുഖം പ്രാപിച്ചുവരുന്നു. ഡോ. ആതിര ബെന്നി, സ്റ്റാഫ് നഴ്സ് പ്രസന്ന, മഞ്ജിമ, നവ്യ, നിധീഷ് എന്നിവരാണ് യുവതിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കിയ സംഘത്തിലുണ്ടായിരുന്നത്. സംഭവം വാർത്തയായതോടെ ഹെൽത്ത് കെയർ ടീമിനെ നാട്ടുകാർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.