നീലേശ്വരം: ഹൗസ് ബോട്ടിൽനിന്ന് മനുഷ്യവിസർജ്യം തള്ളാൻ പുഴയെ ഉപയോഗിക്കരുതെന്നും സംസ്കരിക്കാനുള്ള സംവിധാനം നടപ്പിലാക്കാൻ തയാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഹൗസ് ബോട്ട് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി. നീലേശ്വരം കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പുഴകൾ മലിനമാക്കുന്ന ഇത്തരം പ്രവൃത്തികൾ പുഴയെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് ഹൗസ് ബോട്ട് വേണ്ട എന്നല്ലെന്നും സഞ്ചാരികളെ ആകർഷിക്കുന്ന ഇത്തരം ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശുചിത്വം മെച്ചപ്പെടണമെന്നും സംസ്കരിക്കാൻ കഴിയില്ലെങ്കിൽ മറ്റൊരു സംസ്കരണ യൂനിറ്റിന് കൃത്യമായി ഏൽപിക്കുന്ന നിലയും വേണം.
മറ്റ് ബോട്ടുകളെപ്പോലെയല്ല ഹൗസ് ബോട്ട് സവാരി. ഇതിൽ ഒരു ദിവസം ആളുകൾ നീണ്ടുനിൽക്കുന്ന സവാരിയാണ്. അതുകൊണ്ടുതന്നെ മാലിന്യം പുഴയിൽ തള്ളാതെ സംസ്കരിക്കാനുള്ള നിലയുണ്ടാകണമെന്നും ഹൗസ് ബോട്ട് ഉടമകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കോവളം- ബേക്കൽ പാത ആരംഭിക്കുന്നത് ജലഗതാഗത രംഗത്ത് പുതിയ ചുവടുവെപ്പാണ്. എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഉൾനാടൻ ജലഗതാഗത ഡയറക്ടർ അരുൺ കെ. ജേക്കബ് റിപോർട്ട് അവതരിപ്പിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മാധവൻ മണിയറ, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡൻറ് കെ. പ്രമീള, നഗരസഭ കൗൺസിലർമാരായ റഫീക്ക് കോട്ടപ്പുറം.
ഷംസുദ്ദീൻ അറിഞ്ചിറ, ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, എം.വി. ബാലകൃഷ്ണൻ, കെ.പി. സതീഷ് ചന്ദ്രൻ, ബങ്കളം കുഞ്ഞികൃഷ്ണൻ, ഇ.എം. കുട്ടി ഹാജി, എം. രാജൻ എന്നിവർ സംസാരിച്ചു. നീലേശ്വരം നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത സ്വാഗതവും വിനോദസഞ്ചാരവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം. ഹുസൈൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.