നീലേശ്വരം: ഉപ്പുവെള്ളം കുടിച്ചു മടുത്തു സർക്കാരെ മരിക്കുന്നതിന് മുമ്പ് തൊണ്ടനനക്കാൻ അൽപം ശുദ്ധമായ ദാഹജലം തരുമോ? നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറം സൗത്ത് വാർഡ് 25ൽപെട്ട അഴിത്തലയിലെ കുടുംബങ്ങളാണ് തൊണ്ടയിടറി ഇങ്ങനെ ചോദിക്കുന്നത്. ഇവിടത്തെ 140 കുടുംബങ്ങളാണ് ഉപ്പുവെള്ളം കുടിച്ച് ജീവിക്കുന്നത്. മുമ്പ് പടന്ന പഞ്ചായത്തിന്റെ ഭാഗമായിരുന്ന അഴിത്തലയെ 2010 ലാണ് നീലേശ്വരം നഗരസഭയിൽ ഉൾപ്പടുത്തിയത്. നഗരസഭയിൽ ഉൾപെടുത്തിയെങ്കിലും വില്ലേജ് ഓഫിസ് ഇന്നും പടന്ന പഞ്ചായത്തിലാണ്.
പത്തുവർഷംമുമ്പ് കടൽവെള്ളം ശുദ്ധീകരിച്ച് കുടിവെളളം വിതരണം ചെയ്യുന്ന ഗ്രാമീണ ജലനിധി പദ്ധതിയുടെ ഭാഗമായി ലോകബാങ്ക് സഹായത്തോടെ 90 കോടി രൂപയുടെ പദ്ധതി പ്രവർത്തനം നിലച്ച് നോക്കുകുത്തിപോലെ കിടക്കുകയാണ്. കടൽവെള്ളം ശുദ്ധീകരിച്ച് കുടിവെള്ള പൈപ്പുവഴി ഓരോവീട്ടിലും കുടിവെള്ളം എത്തിക്കുന്നതായിരുന്നു ലക്ഷ്യം. ഇതിനായി നിർമിച്ച കുടിവെള്ള ടാങ്ക്, കിണർ, മോട്ടോർ, ട്രാൻസ്ഫോഫോർമർ എന്നിവ നശിച്ചുകൊണ്ടിരിക്കുകയാണ്.
ജലനിധി പദ്ധതിക്കു വേണ്ടി ഒരു കുടുംബത്തിൽ നിന്ന് 1500 രൂപ വീതം ഗുണഭോക്തൃ വിഹിതമായി കമ്മിറ്റിക്കാർ വാങ്ങിയിരുന്നു. കുടിവെള്ള പദ്ധതി പൂർണമായും നിലച്ചതോടെ സന്നദ്ധ സംഘടനകൾ വഴി വാഹനങ്ങളിൽ വല്ലപ്പോഴും എത്തിക്കുന്ന വെള്ളമാണ് ആശ്വാസം. ചില കുടുംബങ്ങൾ ബോട്ടിൽ വെള്ളം പണം കൊടുത്തു വാങ്ങുകയാണ്. പടിഞ്ഞാറ് കടലും കിഴക്ക് പുഴയും അതിർത്തിയുള്ള അഴിത്തലക്കാർ വേനൽ കടുത്തതോടെ കുടിവെളളത്തിനായി നെട്ടോട്ടമോടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.