നീലേശ്വരം: ഈ വിഷുദിനത്തിൽ മടിക്കൈ പഞ്ചായത്തിലെ ജനങ്ങൾ തൊണ്ട നനക്കാനായി കുടിവെള്ളത്തിന് വേണ്ടി നെട്ടോട്ടമോടുന്നു. മടിക്കൈയിലെ കുടിവെള്ള ജലസ്രോതസ്സായ മണക്കടവ് ചാൽ വറ്റിവരണ്ടതോടെയാണ് ആളുകൾ കുടിവെള്ളത്തിനായി പരക്കം പായുന്നത്.
മണക്കടവ് ചാലിനോടനുബന്ധിച്ചുള്ള മോട്ടോർ പമ്പും പ്രവർത്തിക്കാൻ പറ്റാത്ത സ്ഥിതിയാണ്. മോട്ടോർ പ്രവർത്തിച്ചാൽ മാത്രമേ ഓരോ കുടുംബത്തിനും വെള്ളം വീട്ടു മുറ്റത്ത് എത്തുകയുള്ളൂ. ഒരിക്കലും വറ്റാത്ത ഉറവയുള്ള ചാൽ ആദ്യമായാണ് കൊടും വേനലിൽ വറ്റിവരളുന്നതെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. നാലായിരത്തോളം കുടുംബങ്ങളുടെ കുടിവെള്ളത്തിന്റെ ഏക ആശ്രയമായ ചാൽ വറ്റിവരണ്ടതോടെ വെള്ളം കിട്ടാക്കനിയായി മാറി.
കഴിഞ്ഞ അഞ്ചു ദിവസമായി ചാൽ വറ്റിവരണ്ട് ഒഴുക്ക് പൂർണമായും നിലച്ചതോടെ ജല വിതരണം നടത്താൻ പറ്റാത്ത അവസ്ഥയാണ്. ജലസേചന വകുപ്പിന്റെ കീഴിലുള്ള മണക്കടവിലെ മോട്ടോർ പമ്പ് ഉപയോഗിച്ചാണ് ഓരോ വീട്ടിലും കുടിവെള്ളം എത്തിച്ചിരുന്നത്.
ദൈനംദിന കാര്യങ്ങൾ പോലും ഇപ്പോൾ നടത്താൻ പറ്റാത്ത സ്ഥിതിയാണ്. ചില കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് പോകുന്നു. മടിക്കൈയിലെ കർഷകർ വെള്ളം കിട്ടാത്തതു മൂലം കൃഷി നശിച്ചുപോകുമോ എന്ന ആശങ്കയിലാണ്. വിഷുദിനത്തിൽ മടിക്കൈ നിവാസികൾ കുടിവെള്ളത്തിനായി അലയേണ്ട അവസ്ഥയാണ്. പകരം സംവിധാനം ഏർപ്പെടുത്താൻ പഞ്ചായത്ത് അധികൃതർ തയാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.