നീലേശ്വരം: വിഷുവിനെ വരവേൽക്കാൻ അലങ്കാര കണി കലങ്ങളുടെ വിൽപനയുമായി നാൽപതാം വർഷവും എരിക്കുളം സഹോദരിമാർ നീലേശ്വരത്ത് എത്തി. എരിക്കുളത്തെ പി.പി. പാർവതിയും പി.പി. ശാന്തയുമാണ് പ്രത്യേകം അലങ്കരിച്ച മൺകലങ്ങളുമായി എത്തിയത്. വീട്ടിൽനിന്ന് വിഷുവിനുവേണ്ടി പ്രത്യേകം തയാറാക്കുന്ന നൂറുകണക്കിന് വിവിധ തരം മൺകലങ്ങളാണ് വിൽപനക്ക് കൊണ്ടുവരുന്നത്.
പച്ചരി പൊടിച്ച് വെള്ളം കലർത്തി ദ്രവരൂപത്തിലാക്കി മൺകലത്തിന് പുറത്ത് കൈകൊണ്ട് അലങ്കാരഭംഗി തീർക്കും. 120 രൂപ മുതൽ 150 രൂപയാണ് ഓരോ മൺകലത്തിനും ഈടാക്കുന്നത്. പണ്ടുകാലത്ത് എരികുളത്തുനിന്ന് തലച്ചുമടായി നടന്നാണ് നീലേശ്വരത്ത് എത്തിയിരുന്നത്. എരിക്കുളത്തെ പാർവതി കഴിഞ്ഞ 40 വർഷമായി മൺകലങ്ങളുമായി നീലേശ്വരത്തും പരിസരങ്ങളിലും വിൽപനക്കായി എത്തുന്നുണ്ട്.
കൊറോണയുടെ കരാളഹസ്തങ്ങളിൽ മറ്റെല്ലാ തൊഴിലാളി വിഭാഗങ്ങളെന്നപോലെ തൊഴിലില്ലാതെ കുരുങ്ങി കിടക്കുന്ന കുശവ സമുദായംഗങ്ങൾ കളിമണ്ണിൽ തീർത്തെടുക്കുന്ന മൺകലങ്ങളും കണികലങ്ങളും വിറ്റഴിക്കാൻ വിപണിയില്ലാതെ കഴിഞ്ഞ് വരുന്നതിനിടയിലാണ് ഇത്തവണ നിയന്ത്രണളെല്ലാം നീങ്ങി പൂർണതോതിലുള്ള വിഷു ആഘോഷം കടന്നുവന്നത്.
എന്നാൽ, മുൻകാലങ്ങളിൽ വിൽപന നടത്തിയതുപോലെ ഇന്നത്തെ കാലത്തെ മൺകലവിൽപന വളരെ കുറവാണെന്നാണ് എരിക്കുളം സഹോദരിമാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.