representative image

സബ് സ്റ്റേഷൻ നിർമാണത്തിനെതിരെ കർഷകർ പ്രക്ഷോഭത്തിലേക്ക്

നീലേശ്വരം: ഉഡുപ്പി -കരിന്തളം 400 കെ.വി ലൈനിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. യു.കെ.ടി.എൽ കർഷക രക്ഷാസമിതിയുടെ നേതൃത്വത്തിൽ ടവർ പരിസരത്ത് മരങ്ങൾ നട്ടാണ് പ്രതിഷേധിച്ചത്. ഭൂവുടമകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകാതെ കൃഷിയിടത്തിലെ മരങ്ങൾ ഉൾപ്പെടെ മുറിച്ചുമാറ്റുന്നതിനെതിരെയാണ് പ്രതിഷേധം.

ആദ്യം ചീമേനിയില്‍ സ്ഥാപിക്കാനിരുന്ന 400 കെ.വി സബ്‌സ്റ്റേഷന്‍ ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കരിന്തളത്തെ കയനിയിലേക്ക് മാറ്റുകയായിരുന്നു. ലൈന്‍ പോകുന്ന വഴിയിലുള്ള കര്‍ഷകരുടെ വീട്ടുവളപ്പില്‍ അനുമതിയില്ലാതെയാണ് മരംമുറിക്കുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തി നടത്തുന്നതെന്നാണ് പരാതി. വീട്ടുടമയുടെ അനുമതിയില്ലാതെ തെങ്ങിനും കവുങ്ങിനും റബറിനുമൊക്കെയാണ് മാര്‍ക്ക് ചെയ്ത് വെച്ചിരിക്കുന്നത്.

മാര്‍ക്ക് ചെയ്ത മരങ്ങള്‍ മുറിച്ചു നീക്കിയാണ് ലൈന്‍ വലിക്കുന്നതിന് വഴിതെളിക്കുന്നത്.

ഹൈടെന്‍ഷന്‍ ലൈന്‍ കടന്നുപോകുന്ന വഴികളിലെ കര്‍ഷകരുടെയും ഭൂവുടമകളുടെയും ആശങ്കകള്‍ പരിഹരിക്കുന്ന കാര്യത്തില്‍ അധികൃതര്‍ പാടേ മുഖം തിരിക്കുകയാണെന്നാണ് പരാതി. വൈദ്യുതി ലൈന്‍ കടന്നുപോകുന്ന ഭാഗങ്ങളില്‍ ബഫര്‍ സോണ്‍ അടക്കം 54 മീറ്ററോളം സ്ഥലം ദീര്‍ഘകാല വിളകള്‍ നടത്താനോ വീടുകള്‍ നിര്‍മിക്കാനോ കഴിയാതെ ഉപയോഗശൂന്യമാവും. മിക്കപ്പോഴും ഭൂവുടമകള്‍ക്ക് ഒരുവിധ മുന്നറിയിപ്പും കൊടുക്കാതെയാണ് കമ്പനിയുടെ ആളുകള്‍ കൃഷിയിടങ്ങളില്‍വന്ന് പ്രവൃത്തികള്‍ നടത്തുന്നത്.

പ്രശ്നത്തിന് പരിഹാരം കാണാൻ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും സമരസമിതി അംഗങ്ങൾ പറയുന്നു. പ്രതിഷേധ പരിപാടിയിൽ യു.കെ.ടി.എൽ കർഷക രക്ഷാസമിതി പ്രവർത്തകരായ സി.കെ. പത്മനാഭൻ, എ.വി. ദാമോദരൻ കരിന്തളം, ബെന്നി മഞ്ഞളാംകാട്, വി.കെ. കൃഷ്ണൻ, പി. രാമചന്ദ്രൻ, അക്ഷജ് എന്നിവർ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.