നീലേശ്വരം: ദൂരപരിധി ലംഘിച്ച് കടലിൽ മീൻ പിടിക്കുന്ന ബോട്ടുകൾക്കെതിരെ ഫിഷറീസ് വകുപ്പ് നടപടി ആരംഭിച്ചു. കാസർകോട് ഫിഷറീസ്, അഴിത്തല, ബേക്കൽ, ഷിറിയ കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെൻറ് എന്നിവ സംയുക്തമായി കടലിൽ നടത്തിയ പരിശോധനയിൽ നിരോധിതവല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ നാല് ബോട്ടുകളാണ് പിടികൂടിയത്. കോഴിക്കോട് ബേപ്പൂർ തൗഫിക്ക്, പുതിയാപ്പ വിഷ്ണുമായ, മംഗളൂരു അൽ ജസീറ, അസൂമർ എന്നീ ബോട്ടുകളാണ് പിടികൂടിയത്. കാസർകോട് ഫിഷറീസ് അസി. ഡയറക്ടർ കെ.വി. സുരേന്ദ്രന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തി നാല് ബോട്ടുകൾ പിടികൂടിയത്. ബുധനാഴ്ച വൈകീട്ട് 6.30ന് തുടങ്ങിയ വ്യാപക പരിശോധന രാത്രി 9.30വരെ തുടർന്നു.
കാഞ്ഞങ്ങാട് കടപ്പുറത്തിന് അഞ്ച് നോട്ടിക്കൽ പടിഞ്ഞാറ് ഭാഗത്തുനിന്നാണ് ബോട്ടുകൾ പിടികൂടിയത്. ഇവ രാത്രി 12.30ന് തൈക്കടപ്പുറത്ത് എത്തിച്ചു. മറൈൻ എൻഫോഴ്സ്മെൻറ് സി.പി.ഒ വിനോദ് കുമാർ, അഴിത്തല കോസ്റ്റൽ സി.പി.ഒ സുകേഷ് കുമാർ, ഹോംഗാർഡ് രാജേഷ്, ബേക്കൽ കോസ്റ്റൽ സി.പി.ഒ രഞ്ജിത്ത്, സജിത്ത്, ഷിറിയ കോസ്റ്റൽ സി.പി.ഒ പ്രദീപ് കുമാർ, രൂപേഷ്, ഫിഷറീസ് റസ്ക്യൂ ഗാർഡുമാരായ മനു, ശിവകുമാർ, അജീഷ്, ധനീഷ്, സമീർ, ഡ്രൈവർമാരായ നാരായണൻ, സതീശൻ എന്നിവർ പരിരോധന സംഘത്തിലുണ്ടായിരുന്നു.
പിടികൂടിയ ബോട്ടിനെതിരെ നിയമ നടപടി സ്വീകരിച്ചു. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തിന് ഒരുബോട്ടിന് 79,000 രൂപ വീതം പിഴ അടപ്പിച്ചു. ഇതുകൂടാതെ 2,50,000 രൂപ വീതം പിഴയും ഈടാക്കി. നിരോധിത വല ഉപയോഗിച്ച് നടത്തുന്ന മത്സ്യബന്ധന രീതിക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് അസി. ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.