നീലേശ്വരം: ഒടുവിൽ നീലേശ്വരം നഗരസഭയുടെ പുതിയ ബസ് സ്റ്റാൻഡ് നിർമാണത്തിന് പച്ചക്കൊടി. കലപ്പഴക്കംമൂലം പൊളിച്ചുമാറ്റിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിന് പകരം പുതിയ ആധുനിക കെട്ടിടം നിർമിക്കുന്നതിനുള്ള നടപടി ക്രമങ്ങൾക്ക് തുടക്കമായി.
കേരള അർബൻ റൂറൽ ഡെവലപ്മെന്റ് ഫിനാൻഷ്യൽ കോർപറേഷൻ വായ്പ നൽകാൻ തയാറായതോടെ നീലേശ്വരത്തുകാരുടെ വലിയ സ്വപ്നമാണ് പൂവണിയുന്നത്. ഇതുസംബന്ധിച്ച് ഫിനാൻസ് കോർപറേഷൻ അധികൃതരുമായി എം. രാജഗോപാലൻ എം.എൽ.എ നീലേശ്വരം നഗരസഭ അധ്യക്ഷ ടി.വി. ശാന്ത എന്നിവർ തിരുവനന്തപുരത്ത് ചർച്ച നടത്തി. സർക്കാറിന്റെ സാങ്കേതിക അനുമതി ലഭിച്ചാൽ പ്രാരംഭ നടപടികൾ ആരംഭിക്കും.
പുതിയ കെട്ടിടത്തിനുള്ള പ്ലാനിന് നേരത്തേ അംഗീകാരം ലഭിച്ചിരുന്നു. നിലവിലുള്ള താൽക്കാലിക ബസ് കാത്തിരിപ്പിന് വടക്കുവശത്താണ് പത്തു കോടി ചെലവിൽ നാലു നിലകളിലുള്ള ആധുനിക രീതിയിലുള്ള കെട്ടിടം നിർമിക്കുന്നത്. 50,000 ചരുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം.
താഴെത്തെ നിലയിൽ 20 കടമുറികൾ, ടോയ് ലറ്റ്, പൊലീസ് എയ്ഡ് പോസ്റ്റ്, മുലയൂട്ടൽ കേന്ദ്രം എന്നിവ നിർമിക്കും. ഒന്നാമത്തെ നിലയിൽ 26 കടമുറികളും രണ്ടാം നിലയിൽ 12 മുറികളും ഏഴു ഓഫിസ് മുറികളും മൂന്നാം നിലയിൽ വിശാലമായ കോൺഫറൻസ് ഹാളം ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.