നീലേശ്വരം: കൃഷിയിടത്തിൽ വ്യത്യസ്തവും നൂതനവുമായ കൃഷിരീതികൾ പരീക്ഷിക്കുകയാണ് പരപ്പ വട്ടിപുന്നയിലെ ദിവാകരൻ നമ്പ്യാർ. റബർ മുറിച്ചുമാറ്റിയ അഞ്ച് ഏക്കർ സഥലത്താണ് 600ഓളം വിവിധയിനത്തിൽപെട്ട മുള കൃഷി ചെയ്യുന്നത്. ബംഗളൂരു, അസം എന്നിവിടങ്ങളിൽനിന്നും കൊണ്ടുവന്ന മുള്ളില്ലാത്ത ടെഡ്രൊകലാമസ് ബ്രാണ്ടിസി, ട്രോക്സി, ഒലിവറി, ആസ്റ്റർ, തുൾഡാം എന്നീ ഇനത്തിൽപെട്ട രണ്ടുവർഷം പ്രായമുള്ള മുളകളാണ് മലമുകളിൽ പച്ചവിരിയിക്കുന്നത്.
അഞ്ചാം വർഷം മുതൽ ആദായം ലഭിച്ചുതുടങ്ങുന്ന മുളങ്കൃഷി, നഷ്ടത്തിലോടുന്ന കാർഷിക മേഖലക്ക് പുത്തനുണർവ് നൽകുമെന്ന് 74കാരനായ നമ്പ്യാർ പറയുന്നു. വളപ്രയോഗമോ മരുന്നുതളിയോ ആവശ്യമില്ല. നട്ട് ആദ്യ രണ്ടുവർഷം ഇടക്കാടുകൾ വെട്ടിക്കളയുകയും ഓരോ ചുവട്ടിലെയും അധികമുള്ള ചിനപ്പുകൾ മുറിച്ചുമാറ്റുകയും മാത്രം ചെയ്താൽ മതി. മറ്റ് പരിരക്ഷകളൊന്നും വേണ്ട. അഞ്ചാം വർഷം മുതൽ ഓരോ ചുവട്ടിൽനിന്നും 3000 രൂപയുടെ മുള ലഭിച്ചുതുടങ്ങും.
ഈയിനം മുള പൂക്കാത്തതിനാൽ 50 വർഷം വരെ ആദായം ലഭിക്കുകയും ചെയ്യും. പക്ഷികളുടെയും വിവിധ ജീവജാലങ്ങളുടെയും ആവാസ കേന്ദ്രമായിക്കൂടി മാറുകയാണ് മുളന്തോട്ടം.പേപ്പർ വ്യവസായത്തിനുപുറമെ വിവിധയിനം ഫർണിച്ചർ, വഞ്ചിവീട് നിർമാണം, നിലം ഫ്ലോറിങ്, ചന്ദനത്തിരി നിർമാണം, കരകൗശല വസ്തുക്കൾ എന്നിവക്കാണ് ഇത്തരം മുള ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.