നീലേശ്വരം: കോട്ടപ്പുറത്തെ ഹൗസ് ബോട്ടുകളിൽ മിക്കതിനും ആവശ്യമായ രേഖകൾ ഇല്ലെന്ന് മാരിടൈം വകുപ്പ്. കേരള മാരിടൈം ബോർഡ് അഴീക്കൽ തുറമുഖ വകുപ്പാണ് ഹൗസ് ബോട്ടുകളിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. ആവശ്യമായ ബോട്ട് രേഖകൾ, ബോട്ട് ഡ്രൈവർക്കുള്ള ലൈസൻസ്, യാത്രക്കാർക്ക് ആവശ്യമായ സുരക്ഷ ജാക്കറ്റുകൾ തുടങ്ങിയ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കോട്ടപ്പുറത്ത് ഹൗസ് ബോട്ട് പ്രവർത്തിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി.
ആകെയുള്ള 35 ബോട്ടുകളിൽ അഞ്ചിൽ താഴെയുള്ളവക്ക് മാത്രമേ ബോട്ട് ഓടിക്കാനുള്ള ലൈസൻസും കോഴ്സ് സർട്ടിഫിക്കറ്റുമുള്ളു. പരിശോധനയിൽ 11 ഹൗസ് ബോട്ടുകൾക്ക് 1,45000 രൂപ പിഴയിട്ടു. സഞ്ചാരികളെയും കൊണ്ട് യാത്ര നടത്തരുതെന്ന് ചില ബോട്ടുകൾക്ക് കർശന നിർദേശം നൽകി. പോർട്ട് ഓഫിസർ ദീപൻ കുമാർ, സർവേയർ ജോഷിൻ ലൂക്കോസ്, കൺസർവേറ്റർ വി.വി. പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
മാർച്ച്, ഏപ്രിൽ- മേയ് മാസങ്ങളിൽ അവധിക്കാലം ആഘോഷിക്കാൻ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള നൂറുകണക്കിന് സഞ്ചാരികളാണ് കായൽ സൗന്ദര്യം ആഘോഷിക്കാൻ കോട്ടപ്പുറത്തേക്ക് എത്തുന്നത്.
കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ഇതിൽപെടും. ഇവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഹൗസ് ബോട്ടിൽ സഞ്ചാരികൾ ഉണ്ടാകുമ്പോൾ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
വേനൽ സീസൺ സമയത്തുള്ള പരിശോധന ഒഴിവാക്കണം. ബോട്ട് ഡ്രൈവർക്കുള്ള ലൈസൻസിനുള്ള കാലതാമസത്തിന് കാരണം ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ബോട്ടപകടങ്ങൾ ഉണ്ടായ പാശ്ചാത്തലത്തിൽ ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വരുംദിവസങ്ങളിലും തുടർച്ചയായ കർശന പരിശോധന നടത്തുമെന്ന് മാരിടൈം തുറമുഖ ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.