നീലേശ്വരം: നാടുണ്ടായ കാലംമുതലുള്ള വളവും ഇറക്കവും കയറ്റവും നികത്താൻ കഴിയാതെ പഞ്ചായത്ത് അധികൃതർ കുഴങ്ങുന്നു. മടിക്കൈ പഞ്ചായത്തിലെ മുണ്ടോട്ട് വളവ് തിരിഞ്ഞ ഇറക്കവും കയറ്റവും കണിച്ചിറയിലെ എസ് ആകൃതിയിലുമുള്ള വളവുമാണ് നികത്താൻ കഴിയാതെ അങ്ങനെ കിടക്കുന്നത്.
ദേശീയപാതയിൽനിന്ന് കല്യാൺ റോഡുവഴി കാലിച്ചാംപൊതി ജങ്ഷൻ വഴി സഞ്ചരിച്ചാൽ മുണ്ടോട്ട് ചെങ്കുത്തായ വളവുതിരിഞ്ഞുള്ള ഇറക്കം കിട്ടും. നീലേശ്വരം വഴി കാലിച്ചാംപൊതി കഴിഞ്ഞാൽ എസ് ആകൃതിയിലുള്ള കണിച്ചിറ വളവ് റോഡ് കിട്ടും. ഈ അപകടവളവ് നേരെയാക്കാൻ മടിക്കൈ പഞ്ചായത്ത് രൂപവത്കരിച്ച കാലംമുതൽ ശ്രമിച്ചിട്ടും കഴിഞ്ഞിട്ടില്ല.
മെക്കാഡം ടാറിങ് റോഡ് ഉണ്ടെങ്കിലും വളവും ചെങ്കുത്തായ ഇറക്കവും കയറ്റവുംമൂലം വാഹനത്തിൽ യാത്ര ചെയ്യുന്നവർ പെടാപ്പാട് പെടുകയാണ്. ഒടുവിൽ നിലവിലുള്ള പഞ്ചായത്ത് അധികൃതർ ഇതിന് ശാശ്വത പരിഹാരം കാണാൻ മുന്നിട്ടിറങ്ങി.
റോഡിനു സമീപത്തുള്ള സ്ഥല ഉടമകളോട് സൗജന്യമായി ഭൂമി നൽകണമെന്ന് അവശ്യപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. മുമ്പ് റോഡ് നിർമിക്കാൻ സ്ഥലം സൗജന്യമായി നൽകിയെന്നും ഇനി ഭൂമി അനുവദിക്കണമെങ്കിൽ നഷ്ടപരിഹാരം തരണമെന്നാണ് ഇവരുടെ ആവശ്യം.
ഇതിനായി ജില്ല ഭരണകൂടം ഇടപെട്ട് പൊതുമരാമത്ത് വകുപ്പിലൂടെ കോടികളുടെ മാസ്റ്റർ പ്ലാൻ തയാറാക്കിയിരുന്നു. എന്നാൽ പൊതുമരാമത്തിന് ഭൂമി നഷ്ടപ്പെടുന്നവർക്ക് പണം നൽകാൻ വകുപ്പില്ലെന്ന് അറിയിച്ചതോടെ പദ്ധതി പാതിവഴിയിൽ നിലച്ചു. നഷ്ടപരിഹാരം പഞ്ചായത്തധികൃതർ നൽകുമെന്ന് അറിയിച്ചുവെങ്കിലും നടക്കാതെ പോയതിനാൽ ഭൂമി ഏറ്റെടുക്കൽ നടപടി എങ്ങുമെത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.