നീലേശ്വരം: മടിക്കൈ പഞ്ചായത്തിലെ കാഞ്ഞിരപ്പൊയില്‍ കറുകവളപ്പില്‍ സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃത ചെങ്കല്‍ ഖനനം നടത്തുകയായിരുന്ന ടിപ്പർ ലോറിയും മണ്ണുമാന്തിയും ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ എം. മായയും ഹെഡ് ക്വാര്‍ട്ടേഴ്സ് തഹസില്‍ദാര്‍ എം.എസ്. വിജിനും ചേര്‍ന്ന് പിടിച്ചെടുത്തു. വ്യാഴാഴ്ച ഉച്ചക്ക് നടത്തിയ മിന്നല്‍പരിശോധനയിലാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച മാംത്സ സംസ്കരണ കൊളജിനായി നീക്കിവെച്ച സര്‍ക്കാര്‍ ഭൂമിയില്‍ ചെങ്കല്മാഫിയകള് മാസങ്ങളായി അനധികൃത ചെങ്കല്‍ ഖനനം നടത്തിവരികയായിരുന്നു.
നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് നിരവധി ടിപ്പറുകളും മണ്ണുമാന്തികളും ഉപയോഗിച്ചായിരുന്നു ഖനനം നടത്തിയിരുന്നത്. ഇതുസംബന്ധിച്ച് നാട്ടുകാരും പഞ്ചായത്ത് അധികൃതരും അമ്പലത്തറ വില്ലേജ് ഓഫിസര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ തയാറായിരുന്നില്ല. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ച ഉടന്‍ തഹസില്‍ദാറും സംഘവും നടത്തിയ മിന്നല്‍പരിശോധനയിലാണ് മണ്ണുമാന്തിയും ടിപ്പറും പിടികൂടാന്‍ കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.