നീലേശ്വരം: വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫിസറും റേഷനിങ് ഇൻസ്പെക്ടർമാരും അടങ്ങുന്ന സ്ക്വാഡ് ചിറ്റാരിക്കലിലെ പെട്രോൾ പമ്പ്,, എൽ.പി.ജി ഔട്ട്ലറ്റ്, പച്ചക്കറിക്കടകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. പെട്രോൾ പമ്പിൽ ഇന്ധന ഗുണ പരിശോധന സൗകര്യം, ശുദ്ധമായ കുടിവെള്ളം, വൃത്തിയുള്ള ടോയ് ലറ്റ് സൗകര്യം, ഫ്രീ എയർ എന്നിവയുടെ ബോർഡ് ഉപഭോക്താക്കൾക്ക് കാണുന്ന സ്ഥലത്ത് പ്രദർശിപ്പിക്കാൻ കർശന നിർദേശം നൽകി.
കൂടാതെ അടച്ചുറപ്പുള്ള വാതിലുകളും എളുപ്പത്തിൽ എത്താൻ പറ്റുന്ന വഴിയും, സ്ത്രീകൾക്കും പുരുഷൻമാർക്കും വേറെ വേറെ ടോയ് ലറ്റും പമ്പുകളിൽ നിർബന്ധമാണ്. പമ്പുകളിൽ ഗുണ പരിശോധനക്കുള്ള ലിറ്റ്മസ് പേപ്പർ ലഭ്യമാണ് എന്നതും പരാതിപ്പെടാനുള്ള ഫോൺ നമ്പറും പ്രദർശിപ്പിക്കേണ്ടതാണ്. ഉപഭോക്താക്കൾക്ക് നിർബന്ധമായും ബിൽ നൽകേണ്ടതാണ്. ഡിസ്പെൻസിങ് സ്റ്റേഷനിൽ പെട്രോൾ, ഡീസൽ എന്നിവ വാഹനത്തിനകത്തുള്ളവർക്ക് കാണത്തക്കവിധം എഴുതി വെക്കേണ്ടതാണ്. ജനറേറ്ററുകൾ പ്രത്യേകമായ സ്ഥലത്ത് ക്രമീകരിക്കേണ്ടതാണ്. ചിറ്റാരിക്കൽ ഈസ്റ്റ് എളേരി ഗ്യാസ് ഏജൻസിയിലും പരിശോധന നടത്തി. കലക്ടർ അംഗീകരിച്ച ഡെലിവറി നിരക്ക് പുറത്ത് പ്രദർശിപ്പിക്കാൻ നിർദേശം നൽകി. സിലിണ്ടറുകളുടെ തൂക്കവും പരിശോധിച്ചു.
താലൂക്ക് സൈപ്ല ഓഫിസർ ടി.സി. സജീവൻ, റേഷനിങ് ഇൻസ്പെക്ടർമാരായ കെ.കെ. രാജീവൻ, ജാസ്മിൻ കെ. ആന്റണി, ജീവനക്കാരനായ എം. മനോജ് കുമാർ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.