നീലേശ്വരം: നീലേശ്വരം രാജാ റോഡ് മേൽപാലത്തിന് താഴെയുള്ള കെ.എം.കെ ജ്വല്ലറിയിൽ കവർച്ചശ്രമം നടത്തിയ രണ്ടംഗ സംഘത്തിന് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് അന്വേഷണ സംഘം കർണാടകയിലേക്കും വ്യാപിപ്പിച്ചു. പ്രതികൾ കർണാടക സ്വദേശികളാണോ എന്ന സംശയത്തിെൻറ അടിസ്ഥാനത്തിലാണിത്. മോഷ്ടാക്കൾ കൊണ്ടുവന്ന പ്ലാസ്റ്റിക് കവറിൽ കർണാടകയിലെ ഒരു വസ്ത്ര സ്ഥാപനത്തിെൻറ പേരുണ്ടായിരുന്നു. ഇതാണ് പൊലീസിെൻറ സംശയം ബലപ്പെടുത്തിയത്.
കാസർകോട് നിന്നെത്തിയ വിരലടയാള വിദഗ്ധർ ഈ കവറിലെ പരിശോധനയിൽ വിരലടയാളവും കണ്ടെത്തിയിരുന്നു. പ്രതികളുടെ മോഷണരീതി അടങ്ങിയ സി.സി ടി.വി വിഡിയോ കർണാടക ക്രൈംബ്രാഞ്ചിന് നീലേശ്വരം പൊലീസ് കൈമാറി. മാസ്‌ക്കും ഗ്ലൗസുമിട്ട് തെളിവുകൾ അവശേഷിപ്പിക്കാതെ കടന്നുകളഞ്ഞ പ്രതികൾ പ്രഫഷനലുകളാണെന്നാണ് പൊലീസ് നിഗമനം. അതേസമയം, പൊലീസ് നായ് മണംപിടിച്ച് നീലേശ്വരം പോസ്റ്റ് ഓഫിസ് പരിസരത്തെത്തിയത് പ്രതികൾ ഇതുവഴി കടന്നുപോയതുകൊണ്ടാണെന്നും കരുതപ്പെടുന്നു.
മാർക്കറ്റ് ജങ്ഷനിലെ ഓട്ടോ വർക്ഷോപ്പിൽനിന്ന് കളവുപോയ ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് പ്രതികൾ കവർച്ച ശ്രമം നടത്തിയതെന്നാണ് വിവരം. പ്രതികളെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് നീലേശ്വരം പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.