നീലേശ്വരം: സ്വന്തം സഹോദരൻ അമ്മയെ അടിച്ച് കൊലപ്പെടുത്തിയപ്പോൾ അനാഥമായ കണിച്ചിറയിലെ യുവാവ് ഇനി കണ്ണൂരിലെ സ്നേഹ വീടിെന്റ തണലിൽ ജീവിക്കും. നീലേശ്വരം ടൗണിലെ മുൻ ചുമട്ട് തൊഴിലാളി പരേതനായ രാജെന്റ ഭാര്യ കണിച്ചിറയിലെ രുഗ്മിണിക്കാണ് ഒക്ടോബർ 12ന് പുലർച്ചെ മൂത്ത മകൻ സുജിത്തിെന്റ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റത്.
തുടർന്ന് പരിയാരം മെഡിക്കൽ കോളജിലെ ചികിത്സക്കിടെ ഒക്ടോബർ 16ന് മരണപ്പെടുകയും ചെയ്തു. നാടിനെ നടുക്കിയ കൊലപാതകക്കേസിലെ പ്രതിയായ സുജിത്തിനെതിരെ കേസെടുത്തുവെങ്കിലും കോടതിയുടെ നിർദേശപ്രകാരം കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
മാതാപിതാക്കൾ മരണപ്പെടുകയും സഹോദരൻ കൊലപാതക കേസിലുൾപ്പെടുകയും ചെയ്തതോടെ ഭിന്നശേഷിയുള്ള ഇളയമകൻ സുമിത്തിെന്റ ഒറ്റപ്പെട്ട ജീവിതം കരളലിയിക്കുന്ന കാഴ്ചയായി. ബന്ധുക്കളും കണിച്ചിറയിലെ പൊതുപ്രവർത്തകരും ഒരുമിച്ചതോടെ അനാഥമായ സുമിത്തിന്റെ ദുരിതജീവിതത്തിന് തണലായി. തുടർന്ന് അനാഥർക്ക് ആശ്രയമാകുന്ന കണ്ണൂരിലെ സ്നേഹവീടിന്റെ തണലിലേക്ക് സുമിത്തിനെ എത്തിച്ചു. സ്നേഹവീട്ടിൽ നിന്നിറങ്ങുന്നതിനുമുമ്പുള്ള സുമിത്തിന്റെ നോട്ടവും അമ്മാവൻ വിജയന്റെ കൈ പിടിച്ചുള്ള നിൽപ്പും ഹൃദയഭേദകമായിരുന്നു.
അമ്മയുടെ ചൂടേറ്റ് കിടന്നുറങ്ങിയ സുമിത്തിന്റെ ഇനിയുള്ള ജീവിതം സ്നേഹവീട്ടിലെ അന്തേവാസികൾക്കൊപ്പമായിരിക്കും. സുമിത്തിന്റെ കാര്യത്തിൽ യാതൊരു വ്യാകുലതയും വേണ്ടതില്ലെന്ന തണൽ നടത്തിപ്പുകാരുടെ നല്ല വാക്ക് എല്ലാവർക്കും വലിയ ആശ്വാസമായി.
നിലവിലുള്ള സ്ഥിതിയിൽനിന്ന് മാറ്റം വരുത്താനുതകുന്ന നല്ല പരിചരണം നൽകുമെന്നുള്ള ഉറപ്പ് മടങ്ങലിെന്റ വേദനയിലും പ്രത്യാശയേകി. നീലേശ്വരം നഗരസഭയിലെ കോട്രച്ചാൽ വാർഡ് കൗൺസിലർ വി. ഗൗരി, സി.പി.എം കണിച്ചിറ ബ്രാഞ്ച് സെക്രട്ടറി അഷറഫ് നിടുങ്കണ്ട, സുമിത്തിന്റെ അമ്മാവൻ വിജയൻ, ബാബു, രാഘവൻ, വിജേഷ്, അഭിലാഷ്, നിഷാന്ത് എന്നിവരാണ് സുമിത്തിനെ കണ്ണൂർ സ്നേഹവീട്ടിൽ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.