നീലേശ്വരം: കോട്ടപ്പുറം ഗ്രീൻസ്റ്റാർ ക്ലബിനു സമീപത്തെ വാടകവീട്ടിൽ മരിച്ചനിലയിൽ കാണപ്പെട്ട തമിഴ്നാട് മധുര ഉസംഭട്ടിലെ രമേശന്റെ കൊലപാതകത്തിൽ ഒന്നാം പ്രതിയായ ബൈജു എറണാകുളത്തെ വിവിധ സ്റ്റേഷനുകളിൽ 14ഓളം ക്രിമിനൽ കേസുകളിൽ പ്രതി.
ഒരാഴ്ച മുമ്പ് നീലേശ്വരം സ്റ്റേഷനിൽ ചാർജെടുത്ത സർക്കിൾ ഇൻസ്പെക്ടർ കെ. പ്രേംസദനും സംഘവും നടത്തിയ അന്വേഷണമാണ് കേസിന് തുമ്പുണ്ടാക്കിയത്. കെ.പി. ബൈജു കുപ്രസിദ്ധ ക്രിമിനലാണ്. രണ്ടാം പ്രതി ഡാനിയൽ ബെന്നി, മൂന്നാം പ്രതി മുഹമ്മദ് ഫൈസൽ എന്നിവർ കുറ്റകൃത്യത്തിന് കൂട്ടുനിന്നു. ഒരിക്കലും പിടിക്കപ്പെടില്ലെന്ന് ആത്മവിശ്വാസത്തിലായിരുന്നു പ്രതികൾ.
കോട്ടപ്പുറം മാട്ടുമ്മൽ കടിഞ്ഞിമൂല പാലം പണിക്കെത്തിയ തമിഴ്നാട് സ്വദേശി രമേശിന്റെ കൂടെ താമസിച്ച മൂന്ന് പേരാണ് മാർച്ച് നാലിന് രാത്രി 10 ന് ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് കൊല നടത്തിയതെന്നാണ് കേസ്. പാലം നിർമാണ കരാറുകാരൻ ഏർപ്പെടുത്തിയ കോട്ടപ്പുറത്തെ വാടകവീട്ടിൽ ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 11 പേരാണ് താമസിച്ചിരുന്നത്.
ആസൂത്രണം ചെയ്ത കൊലക്കു ശേഷം നെഞ്ചുവേദനയാണെന്ന് വരുത്തിത്തീർക്കാൻ മൂന്നു പ്രതികളും ശ്രമിച്ചെങ്കിലും പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഒടുവിൽ കുറ്റം സമ്മതിക്കുകയായിരുന്നു. പൈലിങ് ജോലിക്ക് ഒരു ദിവസം ഒരാൾക്ക് 1300 രൂപയായിരുന്നു കൂലി.
എല്ലാ തൊഴിലാളികൾക്കുമുള്ള പണം കരാറുകാരന്റെ മേസ്തിരിയായിരുന്ന രമേശിന്റെ ബാങ്ക് അക്കൗണ്ടിലാണ് വന്നിരുന്നത്. തങ്ങളുടെ പണിക്കൂലി കൃത്യമായി തരുന്നില്ലെന്ന് പറഞ്ഞ് രമേശിന്റെ കൂടെ മദ്യപിച്ച മൂന്നു പേരും വാക്കുതർക്കത്തിലാവുകയും ചെയ്തു.
രമേശിന് പ്രതികൾ കൂടുതൽ മദ്യം നൽകി അബോധാവസ്ഥയിലാക്കിയശേഷം ഒന്നാം പ്രതി ബൈജു മുറിയിലെ സോഫയിൽ കിടത്തി ഇരുമ്പുദണ്ഡുകൊണ്ട് തലക്കടിക്കുകയായിരുന്നുവെന്നാണ് കേസ്. അടിയുടെ ആഘാതത്തിൽ വായിൽനിന്നും ചെവിയിൽനിന്നും ചോര വാർന്നൊഴുകിയ നിലയിലായിരുന്നു നാട്ടുകാർ കണ്ടത്. സംഭവമറിഞ്ഞെത്തിയ പൊലീസ് വീടിന് കാവൽ ഏർപ്പെടുത്തി.
കോട്ടപ്പുറത്ത് നടന്ന ആദ്യ കൊലപാതക സംഭവത്തിൽ പ്രതികളെ പൊലീസ് പിടികൂടിയപ്പോൾ ആശ്വാസമായത് നാട്ടുകാർക്കാണ്. കൂടെ താമസിച്ച സഹപ്രവർത്തകന്റെ മരണം കൊലപാതകമാണെന്നറിഞ്ഞ വേദനയിലും മറ്റുള്ള ഇതരസംസ്ഥാന തൊഴിലാളികൾ പാലം പൈലിങ് പണി ചെയ്ത് കൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.