നീലേശ്വരം: കരിന്തളത്തെ കൊട്ടുഅമ്മക്ക് ഏറെക്കാലത്തെ ആഗ്രഹമായിരുന്നു നല്ലൊരു വീട് എന്നത്. മൺകട്ടകൊണ്ട് നിർമിച്ച കൊച്ചുവീട്ടിലായിരുന്നു കൊട്ടുവും ഭർത്താവ് അമ്പുവും രണ്ട് പെൺമക്കളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്.
ഭർത്താവ് വർഷങ്ങൾക്കു മുമ്പ് മരിച്ചതോടെ കൊട്ടുഅമ്മയും രണ്ട് മക്കളുമായിരുന്നു ഈ വീട്ടിൽ. ഒരു മകളുടെ വിവാഹം കഴിഞ്ഞതോടെ അമ്മയും മകളും മാത്രമായി. അപകടം പതിയിരിക്കുന്ന വീട്ടിൽ താമസിക്കാൻതന്നെ ഭയമായി. ഇതിനൊരു ശാശ്വത പരിഹാരമായാണ് കിനാനൂർ-കരിന്തളം പഞ്ചായത്തിെൻറ സഹായഹസ്തം എത്തിയത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ തയാറാക്കിയ അഗതി ലിസ്റ്റിൽ ഉൾപ്പെടുത്തി വീട് ലഭ്യമാക്കി.
നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ നിലവിലുള്ള വീട് പൊളിച്ചുമാറ്റുകയും മണ്ണ് നീക്കുകയും ചെയ്തു. പിന്നീട് ദ്രുതഗതിയിലാണ് വീട് നിർമാണം പൂർത്തീകരിച്ചത്. നാലു ലക്ഷം രൂപയാണ് വീടിനായി അനുവദിച്ചത്. പെൻഷൻ 1600 രൂപ കഴിഞ്ഞ ദിവസം വീട്ടിലെത്തിച്ചിരുന്നു.
ഒപ്പം ഗൃഹപ്രവേശത്തിനും തയാറെടുപ്പ് നടത്തുന്നതിനിടയിലാണ് ഇവരുടെ മരണം. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീട്ടിൽ പഞ്ചായത്തിെൻറയും കുടുംബശ്രീയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ താക്കോൽ ഏൽപിക്കൽ ചടങ്ങ് നടക്കാനിരിക്കെയാണ് പുലർച്ച നാലരയോടെ വിയോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.