നിലേശ്വരം: ദേശീയപാത ആറുവരിയായി വികസിച്ചു കൊണ്ടിരിക്കുമ്പോൾ ഇല്ലാതാകുന്നത് സമീപത്തുള്ള അനുബന്ധ റോഡുകൾ. ദേശീയ പാതയോട് ചേർന്ന് ഗ്രാമപ്രദേശങ്ങളിലേക്ക് പോകുന്ന പ്രധാനപെട്ട റോസുകളാണ് വികസനം മൂലം ഇല്ലാതാകുന്നത്. കരുവാച്ചേരി ഫാമിന് സമീപത്ത് നിന്ന് കിഴക്ക് ഭാഗത്തേക്കുള്ള പള്ളിക്കര സെന്റ് ആന്റ്സ് യു.പി. സ്കൂൾ പ്രധാന റോഡ് ഇല്ലാതായി.
പാത ഉണ്ടായ കാലം മുതൽ നൂറ് കണക്കിന് ആളുകൾ ആശ്രയിക്കുന പ്രധാന റോഡാണ് ഇപ്പോൾ പൂർണമായും അടച്ചിട്ടത്. കരുവാച്ചേരിയിൽ നിന്ന് പടിഞ്ഞാറു ഭാഗത്തേക്ക് പോകുന്ന സുബ്രമണ്യം കോവിൽ റോഡും അടച്ച് പൂട്ടിയ നിലയിലാണ്. കരുവാച്ചേരി കൊയാമ്പുറം റോഡ്, പെട്രോൾ പമ്പ് റോഡും കൂടി അടച്ചിട്ടാൽ ഉൾഗ്രാമങ്ങൾ മുഴുവൻ ഒറ്റപെട്ട നിലയിലാകും.
അത് കൊണ്ട് ദേശീയപാത കരുവാച്ചേരി ഫാമിന് സമീപത്ത് അടിപ്പാത നിർമ്മിക്കണമെന്നാണ് നാട്ടുകാർ ആവശ്യപെടുന്നത്. കൃഷിയും കന്നുകാലി വളർത്തലും കൂലിപ്പണിയും ചെയ്യുന്ന വലിയൊരു സമൂഹം തന്നെ ഒറ്റപെടുന്ന അവസ്ഥയാണ്. മാത്രമല്ല ഇവർക്ക് നീലേശ്വരം നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തി ചേരാനും ബുദ്ധിമുട്ടാണ്.
ദേശീയപാതയുടെ ഇരുവശങ്ങളിലും ഓവുചാൽ നിർമ്മാണം തകൃതിയായി നടക്കുകയാണ്. അത് കൊണ്ട് തന്നെ നാട്ടുകാർക്ക് നടന്നെത്താനും പ്രയാസമാണ്. ജനങ്ങൾ തിങ്ങിപാർക്കുന്ന പ്രധാനപെട്ട സ്ഥലങ്ങളിൽ അടിപാത നിർമ്മിച്ചാൽ മാത്രമേ ആളുകളുടെ ബുദ്ധിമുട്ടിന് താൽക്കാലിക പരിഹാരമാവുകയുള്ളു.
ദേശീയപാത മാർക്കറ്റ് ജങ്ഷനിൽ നിന്ന് നീലേശ്വരം നഗരത്തിലേക്കുള്ള റോഡും അടക്കുന്ന സ്ഥിതിയാണ്. പൊലീസ് സ്റ്റേഷന് സമീപത്ത് നിർമിക്കുന്ന അടിപ്പാതയിൽ കൂടി സഞ്ചരിച്ചാൽ മാത്രമേ ഇനി നീലേശ്വരം നഗരത്തിലേക്ക് എത്താൻ സാധിക്കുകയുള്ളു. തേജസ്വനി സഹകരണ ആശുപത്രിയിലേക്കുള്ള അനുബന്ധ റോഡും അടഞ്ഞാൽ ആശുപത്രി തുറക്കുന്നതും ഇല്ലാതാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.