നീലേശ്വരം: ജില്ലയിലെ ആദ്യത്തെ ലിഫ്റ്റ് സൗകര്യത്തോടെയുള്ള ആധുനിക ഹൈടെക് സ്കൂൾ നിർമാണം അന്തിമഘട്ടത്തിൽ. നഗരഹൃദയത്തിൻ നീലേശ്വരം ജി.എൽ.പി സ്കൂളിനാണ് ഈ കെട്ടിടം ഒരുങ്ങുന്നത്. എം. രാജഗോപാലൻ എം.എൽ.എയുടെയും നീലേശ്വരം നഗരസഭാധികൃതരുടെയും ശ്രമഫലമായാണ് ജി.എൽ.പി സ്കൂൾ കുട്ടികൾക്ക് വർഷങ്ങളായി തുടരുന്ന വാടകക്കെട്ടിടത്തിലെ പഠനത്തിൽനിന്ന് മോചനം ലഭിക്കുന്നത്. സംസ്ഥാന സർക്കാർ അനുവദിച്ച 2.75 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനം നടക്കുന്നത്.
കാസർകോട് നിർമിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല. നിർമാണ പുരോഗതി വിലയിരുത്തുന്നതിന് കാസർകോട് വികസന പാക്കേജ് സ്പെഷൽ ഓഫിസർ ഇ.പി. രാജ്മോഹൻ സ്ഥലം സന്ദർശിച്ചു.
നീലേശ്വരം നഗരസഭ അധ്യക്ഷ ടി.വി. ശാന്ത, വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി, കൗൺസിലർമാരായ പി. ബിന്ദു, പി. ഭാർഗവി, നിർമിതി കേന്ദ്രം പ്രോജക്ട് എൻജിനീയർ കെ. സജിത്ത്, സ്കൂൾ പ്രധാനാധ്യാപിക കെ. വത്സല, സീനിയർ അസിസ്റ്റന്റ് കെ. ഉഷ, പി.ടി.എ പ്രസിഡന്റ് പി.കെ. രതീഷ്, എസ്.എം.സി ചെയർമാൻ എം. ദീപു, വികസന സമിതി വർക്കിങ് ചെയർമാൻ പി. ദിനചന്ദ്രൻ, എം.പി.ടി.എ പ്രസിഡന്റ് ഇ.വി. ബിന്ദു എന്നിവരും സന്ദർശന സംഘത്തിലുണ്ടായിരുന്നു.
നിർമാണ പ്രവർത്തനം പൂർത്തിയാവുന്നതോടുകൂടി ലിഫ്റ്റ് സൗകര്യം ഉൾപ്പെടെയുള്ള ജില്ലയിലെ ആധുനിക ഹൈടെക് എൽ.പി സ്കൂളായി നീലേശ്വരം ജി.എൽ.പി സ്കൂൾ മാറും. ഈ അധ്യയന വർഷ അവസാനത്തിന് മുമ്പുതന്നെ ഉദ്ഘാടനം ചെയ്യാനുള്ള ശ്രമത്തിലാണ് നഗരസഭാധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.