നീലേശ്വരം: മലയോര മേഖലയിലേക്കുള്ള പ്രധാന പാതയായ നീലേശ്വരം എടത്തോട് റോഡ് പ്രവൃത്തി അനന്തമായി നീളുന്നു. 2018 ഡിസംബറിൽ ആരംഭിച്ച റോഡ് പ്രവൃത്തിയുടെ പകുതിഭാഗം ടാറിങ് ചെയ്തില്ല. രാഷ്ട്രീയ പാർട്ടികൾ നിരവധി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചതിനാൽ ചായ്യോത്തുവരെ മെക്കാഡം ടാറിങ് ചെയ്തു.
ചായ്യോത്തുനിന്ന് നീലേശ്വരം കോൺവൻറ് ജങ്ഷൻവരെ റോഡ് മുഴുവൻ കിളച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. നീലേശ്വരം ബ്ലോക്ക് ഓഫീസ്, ഇ.എം.എസ് സ്റ്റേഡിയം, താലൂക്ക് ആശുപത്രി, പേരോൽ വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലേക്ക് പോകുന്ന ആളുകളാണ് ഏറെയും ബുദ്ധിമുട്ടുന്നത്.
റോഡ് കിളച്ചിട്ടതു കാരണം വാഹനങ്ങൾ പോകുമ്പോൾ പൊടിശല്യമുണ്ട്. റോഡരികിലെ വീടുകളിലുള്ളവർക്ക് താമസിക്കാൻ പറ്റാത്ത അവസ്ഥയാണ്. വീടുകൾ, കടകൾ എന്നിവയുടെ മുന്നിൽ ഷീറ്റുകൾ കൊണ്ട് മറച്ചാണ് പൊടിശല്യത്തിൽനിന്ന് രക്ഷതേടുന്നത്. ഇതിൽ ബസ് യാത്രക്കാരാണ് കൂടുതൽ പൊടിതിന്നേണ്ടി വരുന്നത്.
കിഫ്ബി ഫണ്ടായ 49 കോടി രൂപയാണ് നീലേശ്വരം എടത്തോട് റോഡിന് അനുവദിച്ചത്. നാലു വർഷം കഴിഞ്ഞിട്ടും ടാറിങ് ഇഴഞ്ഞുനീങ്ങാൻ കാരണം കരാറുകാരനും കിഫ്ബി ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണെന്ന ആക്ഷേപമുണ്ട്.
ഒരു മാസം മുമ്പ് ചായ്യോത്ത് നടന്ന ജില്ല കലോത്സവം, ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന ജില്ല കായിക മേള എന്നിവക്ക് എത്തിയ ആയിരക്കണക്കിന് കുട്ടികളും അധ്യാപകരും പൊടിശല്യം മൂലം ദുരിതം പേറിയാണ് യാത്ര ചെയ്തത്. ഇപ്പോൾ താലൂക്ക് ആശുപത്രി കഴിഞ്ഞുള്ള ഇറക്കത്തിൽ ഇരു ഭാഗത്തും ഭിത്തി കെട്ടുന്നതല്ലാതെ റോഡ് കിളച്ചിട്ട ഭാഗത്ത് ടാറിങ് പ്രവൃത്തി നടക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.