നീലേശ്വരം: ഇന്ത്യൻ റെയിൽവേയുടെ പുതിയ വാർഷിക സാമ്പത്തിക റിപ്പോർട്ട് പുറത്തുവന്നതോടെ പ്രതീക്ഷയുടെ ചിറകിലാണ് നീലേശ്വരം റെയിൽവേ സ്റ്റേഷൻ. ദക്ഷിണ റെയിൽവേയുടെ 2022, 2023 സാമ്പത്തിക വർഷ റിപ്പോർട്ടിൽ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും മേഖലയിൽ മുൻപന്തിയിലാണ് നീലേശ്വരം സ്റ്റേഷൻ.
5,70,05,391 ലക്ഷം രൂപ വരുമാനം ലഭിച്ചപ്പോൾ 10,12,150 യാത്രക്കാർ റെയിൽവേ സ്റ്റേഷൻ വഴി യാത്രചെയ്തു. ഇതോടെ പാലക്കാട് ഡിവിഷനിൽ പ്രധാന സ്റ്റേഷനായി നീലേശ്വരം ഉയർന്നു. ഡി വിഭാഗത്തിലായിരുന്ന നീലേശ്വരം റെയിൽവേ സ്റ്റേഷൻ പുതിയ വാർഷിക സാമ്പത്തിക റിപ്പോർട്ട് പ്രകാരം എൻ.എസ്.ജി അഞ്ച് വിഭാഗത്തിലാണ്. കാഞ്ഞങ്ങാട്, പയ്യന്നൂർ സ്റ്റേഷനുമായി താരതമ്യം ചെയ്യുമ്പോൾ മുൻവർഷങ്ങളിൽ 30 ശതമാനത്തിന്റെ കുറവാണുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ വർധിച്ചു 10 ശതമാനത്തിന്റെ കുറവാണുള്ളത്. ഇത് അടുത്ത വർഷങ്ങളിൽ നികത്തപ്പെടുമെന്ന് മേഖലയിലുള്ളവർ പറയുന്നു.
അഞ്ചുവർഷത്തിനുള്ളിൽ വലിയ മാറ്റങ്ങളാണ് നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കിയത്. പുതിയ പാർക്കിങ് ഇടങ്ങളും ആധുനിക ഇരിപ്പിടങ്ങളും ഒരുക്കി. എൻ.ആർ.ഡി.സിയുടെ സഹായത്തോടെ സ്റ്റേഷനകത്ത് ചുമർ ചിത്രങ്ങൾ ഉൾപ്പെടെ വലിയ വികസന പ്രവർത്തനങ്ങൾ നടപ്പാക്കി. ജില്ലയിൽ രണ്ടാം സ്ഥാനത്തുള്ള നീലേശ്വരത്ത് എൻ.ആർ.ഡി.സിയുടെ സമ്മർദ ഫലമായി അഞ്ചുവർഷത്തിനുള്ളിൽ മൂന്നോളം വണ്ടികൾക്ക് സ്റ്റോപ് അനുവദിച്ചപ്പോൾ നിർത്തലാക്കിയ രണ്ട് ട്രെയിനുകളുടെ സ്റ്റോപ് പുനഃസ്ഥാപിച്ചു. റെയിൽവേ സ്റ്റേഷൻ വികസനത്തിനായി നിരവധി സംഘടനകളാണ് പ്രവർത്തിക്കുന്നത്.
കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്സ്പ്രസ്, കുർള-കൊച്ചുവേളി എക്സ്പ്രസ്, ചെന്നൈ മെയിൽ, വന്ദേ ഭാരത് തുടങ്ങിയ ട്രെയിനുകൾക്ക് നീലേശ്വരത്ത് സ്റ്റോപ് നേടിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ്. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ നീലേശ്വരത്ത് കൂടുതൽ വണ്ടികൾക്ക് സ്റ്റോപ് അനുവദിക്കുമെന്ന് പാലക്കാട് ഡിവിഷനൽ മാനേജർ യശ് പാൽ സിങ് തോമർ അറിയിച്ചിരുന്നു.
കാഞ്ഞങ്ങാട് നഗരസഭയിലെ ജനങ്ങൾ ഭാഗികമായും നീലേശ്വരം നഗരസഭ, ചെറുവത്തൂർ, മടിക്കൈ, കോടോം ബേളൂർ, കയ്യൂർ ചീമേനി, കിനാനൂർ കരിന്തളം, ബളാൽ, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തുകളിലെ ജനങ്ങൾ പൂർണമായും നീലേശ്വരം റെയിൽവേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.