നീലേശ്വരം: ഗതാഗതത്തിന് തുറന്നുകൊടുത്തശേഷം നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപാലത്തിൽ അപകടം തുടർക്കഥയാകുന്നു. കഴിഞ്ഞ 11 മാസത്തിനുള്ളിൽ ചെറുതും വലുതുമായി പതിനഞ്ചോളം അപകടമാണ് മേൽപാലത്തിലും തൊട്ടടുത്തുമായി നടന്നത്. കാര്യങ്കോട് ഭാഗത്ത് മേൽപാലത്തിൽനിന്ന് നിലവിലുള്ള ദേശീയപാതയിലേക്ക് കയറുന്ന സ്ഥലത്തും അതിന് തൊട്ടുമുമ്പ് മേൽപാലത്തിലുമായാണ് അധിക അപകടവും നടക്കുന്നത്.
മേൽപാലം പഴയ ദേശീയപാതയുമായി ചേരുന്ന സ്ഥലത്തിന്റെ അലൈൻമെന്റ്, മേൽപാലം അവസാനിക്കുന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള ഹംപ് എന്നിവയിലുള്ള അശാസ്ത്രീയതയാണ് നിരന്തര അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, കാര്യങ്കോട് ഭാഗത്ത് ദേശീയപാതയും മേൽപാലവും ചേരുന്ന സ്ഥലത്ത് തെരുവുവിളക്കുകൾ തീരെയില്ല.
ഇപ്പോൾ ഒരാഴ്ചയോളമായി പാലത്തിലുള്ള വഴിവിളക്കുകൾ മിഴിതുറക്കുന്നില്ല. വെളിച്ചക്കുറവും അപകടങ്ങൾക്ക് ഒരു കാരണമായി കണക്കാക്കപ്പെടുന്നു. പുലർകാലത്താണ് അധിക അപകടവും നടക്കുന്നത്. ദേശീയപാത ആറുവരി പ്രവൃത്തി നടക്കുന്നതിനാൽ മേൽപാലത്തിൽ രണ്ടു ഭാഗത്തേക്കുമുള്ള വാഹനങ്ങൾ ഒരേപാതയിൽ കൂടി പോകുന്നത് അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നു.
അപാകത പരിഹരിക്കാൻ ദേശീയപാത അതോറിറ്റി അധികൃതർ സത്വരനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നത്. 2023 ജൂൺ അവസാനവാരത്തിലാണ് ഉദ്ഘാടന മാമാങ്കമില്ലാതെ പളളിക്കര മേൽപാലം തുറന്നുകൊടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.