നീലേശ്വരം: വാഹനത്തിന്റെ ടാങ്കര്‍ പൊട്ടി റോഡിലേക്കൊഴുകിയ ഓയിലില്‍ തെന്നിവീണ് നിരവധി ഇരുചക്രവാഹന യാത്രക്കാര്‍ക്ക് പരിക്കേറ്റു. നീലേശ്വരം ചിറപ്പുറം റോഡിലാണ് ശനിയാഴ്ച രാവിലെ അപകടം നടന്നത്. ചിറപ്പുറത്തെ ഡോ. ഹരിദാസ് വെര്‍ക്കോട്ടിന്റെ ക്ലിനിക്ക് മുതല്‍ കോണ്‍വെന്റ് ജങ്ഷന്‍വരെയാണ് ഓയില്‍ ഒഴുകിയത്.
ചിറപ്പുറം വളവിലും പുതിയപറമ്പത്ത് കാവ് പരിസരത്തുമാണ് കൂടുതല്‍ ഓയില്‍ ഒഴുകിയത്. റോഡില്‍ ഓയില്‍ ഒഴുകിയതറിയാതെ ഇരുചക്രവാഹനങ്ങളില്‍ വന്ന യാത്രികരാണ് തെന്നിവീണ് അപകടത്തിൽപെട്ടത്. വലിയ വാഹനങ്ങളും തെന്നിപ്പോയെങ്കിലും അപകടമുണ്ടായില്ല. ആറോളം ഇരുചക്രവാഹനങ്ങളാണ് ഓയിലില്‍ തെന്നിവീണത്. പരിക്കേറ്റ മടിക്കൈയിലെ സതീഷ്, ഭാര്യ വിനീത, നീലേശ്വരത്തെ നിഷ, ബങ്കളത്തെ ജ്യോതിഷ് എന്നിവരെ നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെയാണ് റോഡില്‍ ഓയില്‍ ഒഴുകിയനിലയില് കണ്ടത്. ഏത് വാഹനത്തില്‍നിന്നാണ് ഓയില്‍ ഒഴുകിയതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സംഭവം അറിഞ്ഞയുടന്‍ നഗരസഭ കൗണ്‍സിലര്‍മാരായ കെ.വി. ശശികുമാര്‍, ഇ. അശ്വതി, നീലേശ്വരം എസ്.ഐ പി.വി. സതീശന് തുടങ്ങിയവര്‍ സ്ഥലത്തെത്തി. പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടുനിന്ന് ഫയര്‍ഫോഴ്സ് അധികൃതർ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ റോഡില്‍ വെള്ളം ചീറ്റി ഓയില്‍ വൃത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.