നീലേശ്വരം: ജില്ലയിൽ ശമനമില്ലാതെ മഴ തുടരുന്നു, വിവിധയിടങ്ങളിൽ മഴക്കെടുതിയും. കാര്യങ്കോട് പുഴ കവിഞ്ഞതിനെ തുടർന്ന് 12 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പൊടോതുരുത്തിയിൽ അഞ്ചു കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. ചാത്തമത്ത് ഏഴു കുടുംബങ്ങളെയും ബന്ധുവീടുകളിക്ക് മാറ്റി താമസിപ്പിച്ചു. ചാത്തമത്ത് ഒരു കുടുംബത്തിലെ നാലുപേരെ ചാത്തമത്ത് ആലയിൽ ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിലുള്ള ക്യാമ്പിലേക്ക് മാറ്റി. തേജസ്വിനിയുടെ തീര പ്രദേശമായ ചാത്തമത്ത്, പൊടോതുരുത്തി ഭാഗങ്ങളിലായി അമ്പതോളം കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ ഇപ്പോഴും താമസിക്കുന്നുണ്ട്.
പൊടോതുരുത്തി കായക്കീൽ ഭഗവതിക്ഷേത്രം ശ്രീകോവിലിന് സമീപത്ത് വെള്ളം കയറി. അമ്പതോളം, തെങ്ങ്, കവുങ്ങ്, വാഴ എന്നിവക്ക് നാശം സംഭവിച്ചിട്ടുണ്ട്. കാര്യങ്കോട് പുഴയിലെ ജലനിരപ്പ് ഉയരാൻ തുടങ്ങിയെങ്കിലും വ്യാഴാഴ്ച രാത്രി പന്ത്രണ്ടോടെ വെള്ളം ഇറങ്ങിയതിനാൽ കൂടുതൽ നാശം സംഭവിച്ചില്ല. കാര്യങ്കോട് ദേശീയപാത വികസന പദ്ധതിയുടെ ഭാഗമായി പുതിയ പാലം പണിയുന്നതിന് വേണ്ടി പുഴയിൽ മണ്ണിട്ട് ബണ്ട് ഉയർത്തിയതാണ് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇട്ട മണ്ണ് ഭാഗികമായി മാത്രമേ എടുത്തുമാറ്റിയിട്ടുള്ളൂ എന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. മേലെയുള്ള മണ്ണ് മാത്രമേ മാറ്റിയിട്ടുള്ളൂ. അടിഭാഗത്ത് ഉറച്ചുനിൽക്കുന്ന കല്ലും മണ്ണും മാറ്റാതിരിക്കുന്നിടത്തോളം പുഴയിൽ ജലനിരപ്പ് മഴ കനക്കുമ്പോൾ ഇനിയും ഉയരാൻ സാധ്യതയുണ്ട്.
മൊഗ്രാൽ: വെള്ളിയാഴ്ച വെളുപ്പിനുണ്ടായ ശക്തമായ കാറ്റിലും മഴയിലും മൊഗ്രാൽ നാങ്കി റോഡിൽ മരക്കൊമ്പ് ഒടിഞ്ഞ് വൈദ്യുതി ലൈനിന് മുകളിൽ പതിച്ചത് വൈദ്യുതി തടസ്സത്തിന് കാരണമായി. ഒപ്പം, നാങ്കി റോഡിൽ ഗതാഗത തടസ്സവും.പുലർച്ച തന്നെ വാർഡ് മെംബർ റിയാസ് മൊഗ്രാൽ കെ.എസ്.ഇ.ബി അധികൃതരെ വിവരമറിയിച്ച് ഈ ഭാഗത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. രാവിലെ എട്ടോടെ വാർഡ് മെംബറുടെ നേതൃത്വത്തിൽ തഖ്വാ നഗർ പ്രദേശവാസികൾ മരക്കൊമ്പുകൾ മാറ്റി ഗതാഗതവും തുടർന്ന് വൈദ്യുതി ബന്ധവും പുനഃസ്ഥാപിച്ചു.
നീലേശ്വരം: മാട്ടുമ്മൽ കടിഞ്ഞിമൂല പുഴയോരത്ത് കരയിടിച്ചിൽ വീണ്ടും വർധിച്ചു. വെള്ളിയാഴ്ച രാവിലെ കര ഭാഗം വ്യാപകമായി വീണ്ടും ഇടിഞ്ഞ് പുഴയിലേക്കൊഴുകി. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. കോട്ടപ്പുറം, മാട്ടുമ്മൽ, കടിഞ്ഞിമൂല പുഴക്ക് കുറുകെ നിർമിക്കുന്ന പുതിയ പാലം നിർമാണത്തിന്റെ ഭാഗമായാണ് കരയിടിച്ചിൽ രൂക്ഷമായത്. പാലം നിർമാണത്തിന്റെ ഭാഗമായി പുഴയിൽ ബണ്ട് നിർമിച്ചിരുന്നു. ഇതോടെ പുഴയിൽ ഒഴുക്കുനിലക്കുകയും പരിസര പ്രദേശങ്ങളിൽ വെള്ളം കയറാൻ തുടങ്ങുകയും ചെയ്തു.
നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നതോടെ കരാറുകാരൻ നിർമിച്ച ബണ്ടിന്റെ കരയോടുചേർന്ന ഭാഗം പൊളിച്ചുനീക്കി. മുന്നറിയിപ്പില്ലാതെ ബണ്ട് പൊളിച്ചുനീക്കിയതോടെ നിരവധിയാളുകളുടെ ഭൂമി പുഴയെടുത്തു. 25 സെന്റ് ഭൂമി കരയിടിച്ചിലിൽ നഷ്ടമായി. ഇതോടെ നാട്ടുകാർ സംഭവം നഗരസഭ അധികൃതരുടെ ശ്രദ്ധയിൽപെടുത്തി. സംഭവ മറിഞ്ഞ് റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. കാഞ്ഞങ്ങാട് സബ് കലക്ടർ സൂഫിയാൻ അഹമ്മദ്, ഹോസ്ദുർഗ് തഹസിൽദാർ എം. മായ, ദുരന്തനിവാരണ ചാർജുള്ള ഡെപ്യൂട്ടി തഹസിൽദാർ പി.വി. തുളസീരാജ്, പി.പി. മുഹമ്മദ് റാഫി, എം.കെ. വിനയരാജ് എന്നിവർ പ്രദേശം സന്ദർശിച്ചു. പുഴയിൽ നിർമിച്ച ശേഷിക്കുന്ന ബണ്ട് എത്രയും പെട്ടെന്ന് പൊളിച്ചുനീക്കാൻ സബ് കലക്ടർ കർശന നിർദേശം നൽകി. ഉത്തരവ് പാലിച്ചില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകി.
പടന്ന: കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയും കാറ്റും മൂലം പടന്നയിൽ നിരവധി നാശം. വെള്ളക്കെട്ടിൽ ദുരിതത്തിലായ കൂവക്കൈയിലെ യശോധ, നാരായണി, ജാനകി, ജയശ്രീ എന്നീ നാല് കുടുംബങ്ങളിലെ 13 പേരെ പഞ്ചായത്ത് പ്രസിഡന്റ് പി.വി. മുഹമ്മദ് അസ് ലമിന്റെ നേതൃത്വത്തിൽ തൊട്ടടുത്തെ എസ്.വി. ജമീല ക്വാർട്ടേഴ്സിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ഓരിയിലെ ടി.വി. മധുവിന്റെ വീടിന്റെ അടുക്കള ഭാഗം തകർന്നു. കൈപ്പാട്ടിലെ ബി.എസ്. സുഹറയുടെ വീടിന് മുകളിൽ തെങ്ങുവീണ് മേൽക്കൂര തകർന്നു. പി.കെ.സി. നാസർ ഹാജി, പി.വി. ഖൈറുന്നിസ എന്നിവരുടെ വീട്ടുമതിൽ തകർന്നിട്ടുണ്ട്.
വിവിധ വാർഡുകളിൽപെട്ട തെക്കെക്കാട്, കാന്തിലോട്ട്, ഓരി, ഗണേഷ് മുക്ക്, വടക്കെപുറം, കാവുന്തല, കൈപ്പാട്, മാട്ടുമ്മൽ, ബദർ നഗർ, പരുത്തിച്ചാൽ, പയ്യളം, മാച്ചിക്കാട്, കൊക്കാകടവ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം മിക്കവീടുകളും വെള്ളത്തിനടയിലാണ്. മിക്കവീടുകളും ഇൻ്റർലോക്ക് പാകിയതും വയലുകളും തോടുകളും നികത്തപ്പെട്ടതും ഓവുചാൽ തടസ്സവും പുഴ കവിഞ്ഞൊഴുകുന്നതുമാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം. മുതിര കൊവ്വലിൽ നേരത്തെ വെള്ളം ഒഴുകിപ്പോയിരുന്ന സ്വകാര്യവ്യക്തിയുടെ വീട്ടുപറമ്പിൽ ചരലിറക്കിയതിനാൽ പത്തോളം കുടുംബങ്ങൾ ദുരിതത്തിലാണ്. താൽക്കാലികമായി മണ്ണ് നീക്കാൻ വിസമ്മതിച്ചതിനാൽ ദുരന്തനിവാരണ ആക്ട് പ്രകാരം നടപടിക്കായി കലക്ടർക്ക് റിപ്പോർട്ട് ചെയ്തു. ചൊക്കിക്കണ്ടം വെള്ളക്കെട്ടിന് കാരണമായ മൈമ റോഡ് സൈഡ് മണ്ണിട്ട സ്ഥലം പൊളിച്ചുമാറ്റാൻ നടപടി സ്വീകരിച്ചു. വീട്ടിനകത്ത് വെള്ളം കയറിയ ഉദിനൂർ സെൻട്രലിലെ ടി.കെ. ഗിരിജയുടെ വീട്ടിനകത്തെ വെള്ളം നാട്ടുകാരുടെ സഹകരണത്തോടെ മോട്ടോർ വെച്ച് അടിച്ചു നീക്കി.
എം. സുമേഷ്, ടി.കെ.എം. റഫീഖ്, പി.വി. അനിൽ കുമാർ, പി. പവിത്രൻ, വി. ലത, ടി. വിജയലക്ഷ്മി, കെ.വി. തമ്പായി, സി.വി. വിനോദ്, എച്ച്.സി. ബാബു അപ്യൽ, ഗോവിന്ദൻ ഭട്ടതിരി തുടങ്ങിയവരും പൊതുപ്രവർത്തകരും ദുരിത സ്ഥലങ്ങൾ സന്ദർശിച്ചു. മുപ്പതിൽപരം വീടുകൾ വെള്ളത്തിനടിയിലായ ദുരിതമകറ്റാൻ വടക്കേപ്പുറം ഗോപാലൻ പീടിക പരിസരത്ത് 75 മീറ്റർ ഓവുചാൽ അടിയന്തരമായി സ്ഥാപിക്കണമെന്നും വടക്കേപ്പുറം ഓവുചാൽ തടസ്സം നീക്കാൻ വൃത്തിയാക്കണമെന്നും പി.ഡബ്ല്യൂ.ഡി എക്സിക്യൂട്ടിവ് എൻജിനീയർക്ക് അയച്ച കത്തിൽ പഞ്ചായത്തധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.