നീലേശ്വരം: അളന്നുതീരാത്ത നീലേശ്വരം രാജാറോഡ് വികസന പദ്ധതി പാതിവഴിയിൽ. രാജാറോഡ് വികസനത്തിനായി സ്പെഷൽ തഹസിൽദാറായി നിയമിക്കപ്പെട്ടവരെല്ലാം സ്ഥലംമാറി പോകുന്നതു കാരണം പ്രവൃത്തി പൂർത്തീകരിക്കാൻ പറ്റുന്നില്ല. തഹസിൽദാർ റോഡ് അളന്നുകഴിഞ്ഞ് കണക്ക് ശരിയാക്കുമ്പോഴേക്കും സ്ഥലം മാറ്റം ലഭിക്കും.
ഒടുവിൽ വന്ന വനിത താഹസിൽദാർ വീണ്ടും ഭൂമിയും കെട്ടിടവും നഷ്ടപ്പെടുന്നവരുടെ നഷ്ടം കണക്കാക്കേണ്ടതുണ്ട്. മുമ്പ് അളന്ന കണക്കൊന്നും പുതിയതായി നിയമിച്ചവർക്ക് മനസ്സിലാവില്ല. അതുകൊണ്ട് തുടക്കം മുതൽ വീണ്ടും നഷ്ടപരിഹാരം കണക്കാക്കേണ്ടി വരും. അപ്പോഴേക്കും മൂന്നു വർഷമെങ്കിലുമെടുക്കുമെന്നാണ് ആശങ്ക. ഉദ്യോഗസ്ഥന് വീണ്ടും സ്ഥലംമാറ്റം ലഭിച്ചാൽ രാജാറോഡ് വികസന പദ്ധതി വീണ്ടും മുടങ്ങും. ജില്ലയിലെ മൂന്നാമത്തെ നഗരസഭയായ നീലേശ്വരത്തിന്റെ മുഖച്ഛായ മാറ്റുന്ന സ്വപ്ന പദ്ധതിയാണ് ഇങ്ങനെ നീണ്ടുപോകുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 2018ലെ സംസ്ഥാന ബജറ്റിലാണ് തുക നീക്കിവെച്ചത്. രാജാറോഡ് പ്രവൃത്തിയുടെ വികസനത്തിന് മാത്രമായി 16.72 കോടി രൂപയാണ് നിലവിൽ അടങ്കൽ തുക.
ദേശീയപാതയിലെ മാര്‍ക്കറ്റ് ജങ്ഷനിൽനിന്ന് ആരംഭിച്ച് നീലേശ്വരം പോസ്റ്റ് ഓഫിസിന് മുന്നിൽ അവസാനിക്കുന്ന ഒരു കിലോമീറ്ററും 300 മീറ്ററും വരുന്നതാണ് രാജാറോഡ്. കിഫ്ബിയില്‍ പ്രഖ്യാപിച്ച പദ്ധതിക്കു 2019ല്‍തന്നെ സ്ഥലമേറ്റെടുപ്പ് നടപടികള്‍ തുടങ്ങി. ജില്ലയിലെ കിഫ്ബി പദ്ധതികളുടെ സ്ഥലമേറ്റെടുപ്പിനായി കലക്ടറേറ്റില്‍ പ്രത്യേക ഓഫിസ് അനുവദിച്ച് സ്പെഷല്‍ തഹസില്‍ദാര്‍മാരെ നിയമിച്ചു. എന്നാൽ, രാജാറോഡ് വികസനത്തിനായി നിയമിച്ച തഹസിൽദാർമാരെല്ലാം സ്ഥലംമാറിപ്പോയി. തിരുവനന്തപുരം സ്വദേശികളായ ആദ്യ രണ്ട് തഹസിലില്ദാര്മാരും അടിക്കടിയാണ് സ്ഥലം മാറിയത്. മൂന്നാമതെത്തിയ ആലപ്പുഴ സ്വദേശിനി ഒരു വര്‍ഷത്തോളമുണ്ടായ കാലത്താണ് സ്ഥലമേറ്റെടുപ്പിനുള്ള 11 / 1 ബി എന്ന ആദ്യ നോട്ടിഫിക്കേഷന്‍ ഇറക്കി തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
ഏതൊക്കെ സര്‍വേ നമ്പറിലെ സ്ഥലങ്ങളാണ് ഏറ്റെടുക്കേണ്ടതെന്നു എടുത്തു പറയുന്ന വിജ്ഞാപനമാണിത്. ഓരോ നഷ്ടങ്ങളും അളന്ന് തിട്ടപ്പെടുത്തി ശരിയാക്കുമ്പോഴേക്കും ചുരുങ്ങിയത് രണ്ട് വർഷത്തിലധികം വേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.