നീലേശ്വരം: വെസ്റ്റ് എളേരി പഞ്ചായത്തിലെ കുന്നുംകൈ, പെരുമ്പട്ട മൗക്കോട് റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് മുസ്‍ലിം ലീഗിലെ വാർഡ് അംഗം എം.വി. ലിജിന ഏകദിന ഉപവാസം നടത്തും. പൂങ്ങോട് പെരളംകാവുവരെ റോഡ് കുത്തിപ്പൊളിച്ച് മാസങ്ങൾ പിന്നിട്ടുവെങ്കിലും പ്രവൃത്തി പുനരാരംഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഉപവാസം. പൂങ്ങോട് അംഗൻവാടി, മൗക്കോട് ഗവ. എൽ.പി സ്‌കൂൾ, മൗക്കോട് ആശുപത്രി എന്നീ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന ഇവിടെ റോഡിൽ മെറ്റൽ നിരത്തിയതല്ലാതെ ടാറിങ് നടപടി ആരംഭിച്ചില്ല.
ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഇവിടെ ബൈക്ക് യാത്രക്കാർ മെറ്റലില്‍ തെന്നി വീണു പരിക്കേൽക്കുന്നത് പതിവാണ്. റോഡിൽ കലുങ്ക് നിർമാണവും പാതിവഴിയിലാണ്. റോഡിന്റെ അരികിലെ കോൺക്രീറ്റ് ഭിത്തി കാരണം വഴിയരികിലുള്ള വീട്ടുകാർക്കും വഴി അടഞ്ഞിരിക്കുകയാണ്. നിരവധി പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചിട്ടും അധികൃതർ കാര്യമാക്കിയില്ല.
അതേസമയം വൈദ്യുതി തൂണുകൾ മാറ്റാനും ജല വകുപ്പിന്റെ പൈപ്പുകൾ മാറ്റാനുമായി തുക അതത് വകുപ്പുകളിൽ കിഫ്‌ബി അധികൃതർ അടക്കാത്തതാണ് നവീകരണ തടസ്സങ്ങൾക്കു കാരണമെന്നും ഇതുവരെ നടത്തിയ പ്രവൃത്തിക്ക് തുക ലഭിക്കാത്തതും പ്രതിസന്ധി സൃഷ്ടിച്ചതായി കരാറുകാരൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.