നീലേശ്വരം: നഗരസഭയിലെ താഴ്ന്ന പ്രദേശമായ മുണ്ടേമ്മാട് ദ്വീപ് നിവാസികൾ ഓരോ രാത്രിയും തള്ളിനീക്കുന്നത് വെള്ളം എപ്പോഴാണ് വീട്ടിനകത്ത് കയറുന്നതെന്ന ആശങ്കയിൽ.
രാത്രി വേലിയേറ്റ സമയത്ത് പുഴ കവിഞ്ഞ് വീട്ടിനുള്ളിലേക്ക് ഉപ്പുവെള്ളം കയറുകയാണ്. പാത്രങ്ങൾ പുഴയിലേക്ക് ഒഴുകിപ്പോകുമ്പോൾ നോക്കിനിൽക്കാനേ കഴിയുകയുള്ളൂ. നാലുഭാഗവും പുഴയാൽ ചുറ്റപ്പെട്ട മുണ്ടേമ്മാട് പ്രദേശത്ത് കരഭിത്തി നിർമിക്കാത്തതാണ് വേലിയേറ്റത്തിൽ പുഴ കവിഞ്ഞ് വീട്ടിലേക്ക് വെള്ളം കയറാൻ കാരണം.
എം. രാജഗോപാലൻ എം.എൽ.എയും നീലേശ്വരം നഗരസഭ അധികൃതരും ദ്വീപ് സന്ദർശിച്ച്, പരിഹാരം കാണുമെന്ന് നാട്ടുകാരെ അറിയിച്ചിരുന്നെങ്കിലും പുഴയോരത്ത് കരഭിത്തി കെട്ടിയുയർത്തുന്ന പ്രവൃത്തി മാത്രം നടന്നില്ല. പുഴയിൽനിന്ന് നിയന്ത്രണമില്ലാതെ പൂഴി വാരുന്നതുമൂലം മുണ്ടേമ്മാട് പ്രദേശംതന്നെ മുങ്ങിത്താഴുമോ എന്നാണ് ഇപ്പോഴത്തെ ഭീതി. നിർദിഷ്ട പാലായി ഷട്ടർ കം പാലം പൂർത്തിയായി ഷട്ടർ അടച്ച ശേഷമാണ് വെള്ളം കൂടുതൽ കയറുന്നതെന്ന് നാട്ടുകാർ കരുതുന്നു. ഡിസംബർ 26ന് വൈകീട്ട് അഞ്ചിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ അണക്കെട്ട് പാലം ഉദ്ഘാടനം ചെയ്യുന്നത്.
മഴക്കാലത്ത് തേജസ്വിനി പുഴയിലൂടെ കുത്തിയൊലിച്ചുവരുന്ന മഴവെള്ളംപോലെ വേനൽക്കാലത്ത് കടലിൽനിന്നും വേലിയേറ്റത്തിെൻറ ഭാഗമായി ഉപ്പുവെള്ളം പുഴയിലേക്ക് ഇരച്ചുകയറുകയാണ്. മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാൻ പാലായി അണക്കെട്ട് പാലത്തിെൻറ ഷട്ടർ തുറക്കുമ്പോൾ വേനൽക്കാലത്ത് ഉപ്പുവെള്ളം കയറാതിരിക്കാൻ ഷട്ടർ അടക്കുകയും ചെയ്യും. പാലം യാഥാർഥ്യമായതോടെ വേലിയേറ്റവും ഇറക്കവും തടസ്സപ്പെടുകയും ചെയ്യും. ഇതിെൻറ ഫലമായി പാലത്തിന് പടിഞ്ഞാറൻ പ്രദേശങ്ങളിൽ അസാധാരണമായി വെള്ളം പൊങ്ങുകയും ഇതിെൻറ ദുരിതം പടിഞ്ഞാറൻ മേഖലകളിലെ തീരദേശവാസികൾ അനുഭവിക്കേണ്ടിയും വരുന്നു.
പാലം വന്നതോടെ കിഴക്കുഭാഗങ്ങളിലുള്ള ജനങ്ങൾക്ക് ശുദ്ധവെള്ളം ലഭിക്കുമ്പോൾ പടിഞ്ഞാറൻ തീരദേശത്ത് താമസിക്കുന്നവർക്ക് ഉപ്പുവെള്ളം കാരണം വീട് ഒഴിയേണ്ട അവസ്ഥയാണ്. കുടിവെള്ളത്തിൽവരെ ഉപ്പുവെള്ളം കയറി കുടിക്കാൻ പറ്റാത്ത സ്ഥിതിയാണ്. പൈപ്പുവെള്ളം മാത്രം ആശ്രയിച്ചുകഴിയുന്ന മുണ്ടേമ്മാട് നിവാസികൾക്ക് ഇതും മുട്ടിയ അവസ്ഥയാണ്. പുഴയുടെ നാലുഭാഗങ്ങളിലും കരഭിത്തി കെട്ടിയുയർത്തി പാലായി പാലത്തിെൻറ ഷട്ടർ തുറന്ന് പുഴയിലെ ഒഴുക്ക് സാധാരണ ഗതിയിലാക്കണമെന്നാണ് മുണ്ടേമ്മാടിൽ താമസിക്കുന്ന 100ഓളം കുടുംബങ്ങളും ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.