ഷാ​നു​ തോ​മ​സ്​

ശീതളപാനീയ കുപ്പികൾ മോഷ്ടിക്കുന്നയാൾ പിടയിൽ

നീലേശ്വരം: കടകളില്‍നിന്ന് സോഫ്റ്റ് ഡ്രിങ്ക്‌സ് കുപ്പികള്‍ മോഷ്ടിക്കുന്നത് പതിവാക്കിയ മോഷ്ടാവിനെഅറസ്റ്റ് ചെയ്തു. തളിപ്പറമ്പ് ആലക്കോട്ടെ വെള്ളാട് മോറാനിയില്‍ ചപ്ലാനിക്കാല്‍ ഹൗസില്‍ ഷാനു തോമസിനെയാണ് (29) നീലേശ്വരം സി.ഐ കെ.പി. ശ്രീഹരിയുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍ നീലേശ്വരം എസ്‌.ഐ കെ.പി. വിനോദും സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ജിതേഷും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കടകളില്‍നിന്ന് ശീതളപാനീയ കുപ്പികള്‍ മോഷണം പോകുന്നത് പതിവായിരുന്നു. തുടർന്ന് നീലേശ്വരം പൂവാലം കൈയിലെ ശ്രീശാസ്തമംഗലം സോഫ്റ്റ് ഡ്രിങ്ക്‌സ് ഉടമ പ്രദീപാണ് നീലേശ്വരം പൊലീസില്‍ പരാതി നല്‍കിയത്.

തളിപ്പറമ്പ് പൂവത്തെ സോഡ നിര്‍മാണ കമ്പനിയിലെ ജീവനക്കാരനാണ് അറസ്റ്റിലായ ഷാനുമോന്‍. മുള്ളേരിയയില്‍നിന്നാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ശീതളപാനീയ കമ്പനികളിലേക്ക് കുപ്പികള്‍ മൊത്തത്തില്‍ വിതരണം നടത്തുന്നത്.

തളിപ്പറമ്പിലെ കമ്പനി ഉടമ മുള്ളേരിയയില്‍നിന്ന് കുപ്പി വാങ്ങാനായി ഷാനുവിനെയാണ് ഏൽപിക്കാറുള്ളത്. ഷാനു മുള്ളേരിയയില്‍ നിന്നും കുറച്ചുമാത്രം കുപ്പികള്‍ വില കൊടുത്തു വാങ്ങി തിരിച്ചുവരുമ്പോള്‍ വഴിനീളെയുള്ള കടകളുടെ മുറ്റത്തുള്ള കുപ്പികള്‍ ബോക്‌സ് സഹിതം അടിച്ചുമാറ്റുകയാണ് പതിവ്. പിന്നീട് ഇതിന്റെ സ്റ്റിക്കര്‍ മായ്ച്ചുകളഞ്ഞ് തളിപ്പറമ്പിലെ കടയില്‍ എത്തിച്ച് പണം കൈപ്പറ്റും.

പൊലീസ് അന്വേഷണത്തിനിടയില്‍ ശാസ്തമംഗലം സോഫ്റ്റ് ഡ്രിങ്ക്‌സ് കടയുടെ സമീപത്തെ മറ്റൊരു കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മോഷണം നടത്തിയ കുപ്പികള്‍ കടത്തിക്കൊണ്ടുപോകുന്ന വാഹനത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് പൂവത്തെ സോഫ്റ്റ് ഡ്രിങ്ക്‌സ് ഉടമയെ ചോദ്യം ചെയ്തപ്പോഴാണ് കുപ്പി കൊണ്ടുവരുന്നത് ഷാനുവാണെന്ന് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാനുവിനെ അറസ്റ്റുചെയ്തത്. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കിയ ഷാനുവിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

Tags:    
News Summary - Soft drink bottle thief nabbed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.