നായ കടിച്ചുമുറിച്ച മുഖവുമായി വിവേക്

കനിയണം, ഈ കുഞ്ഞുമുഖത്ത് പുഞ്ചിരി വിടരാൻ...

നീലേശ്വരം: തെരുവുനായുടെ കടിയേറ്റ് മുഖത്ത്‌ ഗുരുതരമായി പരിക്കേറ്റ രണ്ടരവയസ്സുകാരന് പുഞ്ചിരി തൂകാൻ ഇനിയും ചികിത്സ വേണം. വെള്ളരിക്കുണ്ട് പാത്തിക്കരയിലെ നിർധന കുടുംബമായ കോട്ടക്കുഴി ഷിനോജ്-രേഷ്മ ദമ്പതികളുടെ ഏകമകനാണ് തെരുവുനായുടെ കടിയേറ്റ് ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വേദനയിൽ നീറി കരയുന്നത്. മൂന്നുദിവസം മുമ്പ് മാതാവ് രേഷ്മയുടെ കൈപിടിച്ച് തറവാട്ടുവീട്ടിൽനിന്ന് സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെയാണ് വിവേകിനെ തെരുവുനായ് ആക്രമിച്ചത്.

കുരച്ചുകൊണ്ട് നായ് ദേഹത്തേക്ക് ചാടിവീഴുകയും നിലത്തിട്ട് കടിച്ചുകീറുകയുമായിരുന്നു. രേഷ്മ ബഹളം വെച്ചും കല്ലുകൊണ്ട് എറിഞ്ഞും പട്ടിയെ ഓടിക്കുമ്പോഴേക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. മുഖത്തിന്റെ ഒരുഭാഗം പട്ടി കടിച്ചെടുത്തു.

നിലത്ത്‌ രക്തത്തിൽ പിടയുന്ന മകനെ രക്ഷപ്പെടുത്താനുള്ള രേഷ്മയുടെ നിലവിളികേട്ട് അയൽവാസികൾ ഉൾപ്പെടെയുള്ളവർ ഓടിയെത്തി. നാട്ടുകാരുടെ സഹായത്തോടെ വിവേകിനെ ആദ്യം വെള്ളരിക്കുണ്ട് സഹകരണ ആശുപത്രിയിലും പിന്നീട് കാഞ്ഞങ്ങാട്ടേക്കും കൊണ്ടുപോയി. മുഖത്തെ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.

ഇനി ഈ മുഖത്ത് പുഞ്ചിരി വിടരണമെങ്കിൽ പ്ലാസ്റ്റിക് സർജറി നടത്തണം. ഇതിനായി ഉള്ളതെല്ലാം വിറ്റുപെറുക്കാനൊരുങ്ങുകയാണ് നിർധന കുടുംബം. എന്നാൽ, കുട്ടിയുടെ പ്രായം പ്ലാസ്റ്റിക് സർജറിക്ക് പ്രയാസം സൃഷ്ടിക്കുന്നുമുണ്ട്. സഹായം നൽകാൻ സന്മനസ്സുള്ളവർക്ക് വിവേകിന്റെ പിതാവിനെ ബന്ധപ്പെടാം. ഫോൺ: 7560848780.

Tags:    
News Summary - street dog attacked a little boy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.