നീലേശ്വരം: എടത്തോട് നീലേശ്വരം റോഡിൽ ഒന്നര കിലോമീറ്റർ ടാറിങ് നടത്താതെ കരാറുകാരൻ മുങ്ങി. പ്രശ്നത്തിൽ എം. രാജഗോപാലൻ എം.എൽ.എ ഇടപെട്ടിട്ടും കരാറുകാരൻ ടാറിങ് നടത്താൻ തയാറായില്ല. സി.പി.എം, ബി.ജെ.പി, കോൺഗ്രസ് എന്നീ പാർട്ടികൾ സമരം നടത്തിയിട്ടും ടാറിങ് പണി തുടങ്ങിയില്ല.
ഒടുവിൽ എം. രാജഗോപാലൻ എം.എൽ.എ ഇടപെട്ട് തിരുവനന്തപുരത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി നിലവിലുള്ള കരാറുകാരനെ മാറ്റാൻ തീരുമാനിച്ചു. എന്നാൽ തീരുമാനം നടപ്പിലാക്കാൻ കഴിഞ്ഞില്ല. പഴയ കരാറുകാരനോട് അവശേഷിക്കുന്ന ഒന്നര കിലോമീറ്റർ റോഡ് ടാറിങ് നടത്താൻ വീണ്ടും ആവശ്യപ്പെടുകയായിരുന്നു. ഇതിനുശേഷം മൂന്നുമാസം കഴിഞ്ഞിട്ടും ടാറിങ് നടത്താൻ കരാറുകാരൻ തയാറായില്ല.
ചായ്യോം ബസാറിൽനിന്ന് കോൺവെന്റ് ജങ്ഷൻ വരെയുള്ള ഒന്നര കിലോമീറ്റർ റോഡാണ് ഇനി മെക്കാഡം ടാറിങ് നടത്തേണ്ടത്. നീലേശ്വരം താലൂക്ക് ആശുപത്രി, പട്ടികജാതി ഐ.ടി.ഐ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന റോഡ് പൂർണമായും കിളച്ചിട്ട നിലയിലാണ്.
വാഹനങ്ങൾ പോകുമ്പോൾ പൊടിശല്യം മൂലം പരിസരവാസികളാണ് ദുരിതമനുഭവിക്കുന്നത്. നീലേശ്വരത്തുനിന്ന് മലയോര മേഖലയിലെ പ്രധാന റോഡാണിത്. 2018-19 വർഷത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 42.10 കോടിയാണ് നീലേശ്വരം - എടത്തോട് മെക്കാഡം ടാറിങ് നടത്തുന്നതിന് അനുമതി ലഭിച്ചത്.
18 മാസംകൊണ്ട് പണി തീർക്കാനായിരുന്നു കരാർ വ്യവസ്ഥ. 2019ൽ ആണ് റോഡിന്റെ പണി ആരംഭിച്ചത്. ഇനി ടാറിങ് നടത്തേണ്ട റോഡിൽ മഴക്കാലം എത്തിയാൽ ചളിപുരണ്ട റോഡായി മാറി വാഹനങ്ങൾക്ക് സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥവരും. കാലവർഷം ആരംഭിക്കാൻ ഇനി ഒരു മാസം മാത്രം ബാക്കിയിരിക്കെയാണ് റോഡുപണി ഉപേക്ഷിച്ച് കരാറുകാരൻ മുങ്ങിയത്. ഇതിന് വകുപ്പ് ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.