തൈക്കടപ്പുറത്തെ ശംസുദ്ദീനും മൊയ്‌തീൻകുഞ്ഞിയും (നടുവിൽ) ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർക്കൊപ്പം

സൗദി ജയിലിൽ കഴിഞ്ഞ നീലേശ്വരം സ്വദേശികൾ നാട്ടിലെത്തി


നീലേശ്വരം: മൂന്നു വർഷത്തോളം സൗദിയിലെ ജയിലിൽ കഴിഞ്ഞ നീലേശ്വരം തൈക്കടപ്പുറം സ്വദേശികളായ ഷംസുദ്ദീൻ, മൊയ്തീൻ കുഞ്ഞി എന്നീ സഹോദരങ്ങൾ ഒടുവിൽ ജയിൽമോചിതരായി നാട്ടിലെത്തി. മഹായിലിലെ ഇന്ത്യൻ സോഷ്യൽ ഫോറത്തി​െൻറ ഇടപെടലോടെയാണ് ഇവർ നാട്ടിലേക്ക് മടങ്ങിയത്. അസീർ പ്രവിശ്യയിലെ മഹായിലിൽ പലചരക്ക് കടയും ഹോട്ടലും പെട്രോൾ പമ്പും ഉൾക്കൊള്ളുന്ന സ്ഥാപനത്തിൽ ജോലി ചെയ്യവേയാണ് ഇരുവരുടെയും ജീവിതത്തിൽ ദുരിതമെത്തുന്നത്. സ്വദേശിയായ സ്ഥലമുടമ വായ്പയെടുത്ത് പുതുതായി വാഹനം വാങ്ങിയപ്പോൾ ഇവരിൽനിന്ന് കടലാസ് ഒപ്പിട്ടുവാങ്ങിയിരുന്നു. അതിൽ 60,000 റിയാലി​െൻറ അധികബാധ്യത എഴുതിച്ചേർക്കുകയും ചെയ്തു. ആ തുക ഇവരിൽനിന്ന് പിന്നീട് ഈടാക്കാൻ ശ്രമം നടത്തുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. മാസങ്ങൾക്കുശേഷമാണ് ചതിക്കപ്പെട്ട വിവരം ഇവർ അറിയുന്നത്. അതിനിടയിൽ വാഹനം കുറഞ്ഞ വിലക്ക് സ്ഥലമുടമ മറ്റൊരാൾക്ക് വിൽക്കുകയും ചെയ്തു. അതോടെ വാഹനത്തി​െൻറ തിരിച്ചടവ് ഇവരുടെ ബാധ്യതയായി. എട്ടുവർഷം മുമ്പ് നിതാഖാത് നിയമം പ്രാബല്യത്തിൽ വരുന്ന സമയമായതിനാൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി. സ്വദേശിവത്‌കരണത്തെത്തുടർന്ന് ഷംസുദ്ദീനും മൊയ്തീൻ കുഞ്ഞിക്കും തൊഴിൽ നഷ്​ടമായി. മറ്റൊരു തൊഴിലിനായി ശ്രമിക്കുന്നതിനിടെയാണ് പൊലീസി​െൻറ പിടിയിലാവുന്നത്. ജയിലിൽ കഴിയവേ, സ്ഥലമുടമക്ക്​ ബാധ്യതയായിട്ടുള്ള തുക സൗദി ഭരണകൂടത്തി​െൻറ സഹായത്തോടെ കോടതി മുഖേന അടച്ചുതീർക്കാനായി.

തർഹീൽ (നാടുകടത്തൽ കേന്ദ്രം) വഴി നാട്ടിലേക്കയക്കാൻ വിധിയാവുകയും ചെയ്തു. എന്നാൽ, കോവിഡ് വ്യാപനമായതോടെ തർഹീൽ സംവിധാനം പ്രവർത്തിക്കാതിരുന്നതിനാൽ നാട്ടിലേക്ക് പോകാനുള്ള സാഹചര്യവും വൈകി. അതോടെയാണ് ഇന്ത്യൻ സോഷ്യൽ ഫോറം ഇടപെട്ടത്. പ്രവാസത്തിലെ നല്ലൊരു ഭാഗവും ദുരിതജീവിതം നയിക്കേണ്ടി വന്ന ശംസുദ്ദീനും മൊയ്തീൻകുഞ്ഞിയും നാടണയാനുള്ള വഴിതെളിച്ച ഇന്ത്യൻ സോഷ്യൽ ഫോറം ഭാരവാഹികളോടുള്ള നന്ദി അറിയിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ജിദ്ദയിൽനിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിൽ യാത്രയായത്. തൈക്കടപ്പുറത്തെ വീട്ടിൽ ഇവരുടെ വരവിനായി കുടുംബങ്ങൾ കാത്തിരിക്കുകയായിരുന്നു.



Tags:    
News Summary - The Nileshwaram residents, who were lodged in a Saudi jail, returned home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.