നീലേശ്വരം: ചെറുപ്പത്തിൽ തോന്നിയ ആനപ്രേമം ഒടുവിൽ പാപ്പാനായി ജീവിതമാർഗം തിരഞ്ഞെടുത്ത ബാലകൃഷ്ണനെ, പരിപാലിച്ച ആനതന്നെ ജീവനെടുത്ത സംഭവം കരിന്തളം ഗ്രാമത്തിന്റെ നൊമ്പരമായി. കിനാനൂർ കരിന്തളം പഞ്ചായത്തിലെ വടക്കേ പുലിയന്നൂർ കുഞ്ഞിപ്പാറയിലെ എം. ബാലകൃഷ്ണനാണ് ഇടുക്കി അടിമാലി കല്ലാർകമ്പി ലൈനിലെ 60ാം മൈലിലെ ആനസവാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് വെള്ളിയാഴ്ച ദാരുണമായി മരിച്ചത്.
ഇവിടെ രണ്ടാം പാപ്പാനായി ജോലിചെയ്യുകയായിരുന്നു. നിർധന കുടുംബത്തിന്റെ ഏക ആശ്രയമായ ബാലകൃഷ്ണന്റെ മരണം അർബുദരോഗിയായ ഭാര്യ യശോദക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. ആനപ്പാപ്പാനായി ജോലിയെടുത്ത് കുടുംബം പുലർത്തുന്ന ബാലകൃഷ്ണൻ അവധി കിട്ടുമ്പോഴെല്ലാം വീട്ടിലെത്താറുണ്ട്.
30 വർഷത്തിലധികമായി വിവിധ സ്ഥലങ്ങളിൽ പാപ്പാനായി ജോലിചെയ്തു. രണ്ടു മാസം മുമ്പ് മാത്രമാണ് ഇവിടത്തെ ആനസവാരി കേന്ദ്രത്തിലെത്തിയത്. ആനയെ തളച്ചിടത്തുനിന്ന് സഫാരികേന്ദ്രത്തിൽ എത്തിക്കവെയാണ് പെട്ടെന്ന് ആന പലവട്ടം ബാലകൃഷ്ണന്റെ നെഞ്ചിലേക്ക് ചവിട്ടിയത്.
ആനയോടുള്ള അതിരുവിട്ട സ്നേഹമാണ് ഇയാളെ പാപ്പാനാക്കി മാറ്റിയത്. ആനക്കാരൻ ബാലകൃഷ്ണൻ എന്ന് നാട്ടുകാർ പേരിടുകയും ചെയ്തു. വിവിധ ജില്ലകളിൽ സ്വകാര്യ വ്യക്തികൾ വളർത്തുന്ന ആനക്കൊട്ടിലിലാണ് ജീവിതത്തിന്റെ പകുതിഭാഗവും ചെലവഴിച്ചത്.
രണ്ടാം പാപ്പാനെങ്കിലും ഒന്നാം പാപ്പാൻമാർ ബാലകൃഷ്ണന്റെ ആനപരിപാലനത്തിന്റെ കിറുകൃത്യതയിൽ എല്ലാ കാര്യങ്ങളും ഏൽപിക്കുമായിരുന്നു. മാത്രമല്ല, ആനയെ മെരുക്കിയെടുക്കാനുള്ള കഴിവ് പാപ്പാൻമാർക്കിടയിൽതന്നെ ചർച്ചയായിരുന്നു. കുളിപ്പിക്കുമ്പോഴും ആഹാരം കൊടുക്കുമ്പോഴും ബാലകൃഷ്ണന്റെ ശബ്ദം കേട്ടാൽ ഏതൊരാനയും അനുസരണയോടെ വഴങ്ങും.
ഒടുവിൽ പരിപാലിച്ച ആനതന്നെ പ്രതീക്ഷിക്കാതെ ജീവനെടുക്കുന്ന രംഗം കണ്ണീർക്കാഴ്ചയായി. രണ്ട് പെൺമക്കളുള്ള കുടുംബത്തിന്റെ അത്താണിയാണ് ഇതോടെ നഷ്ടമായത്. വീട്ടിൽ പൊതുദർശനത്തിന് വെച്ചശേഷം ശനിയാഴ്ച രാവിലെ ഒമ്പതിന് കരിന്തളം കൊണ്ടോടി പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.