നീലേശ്വരം: ഞായറാഴ്ച മുതൽ നഗരത്തിൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തുമെന്ന തീരുമാനം തുടക്കത്തിലേ പാളി. നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്തയുടെ അധ്യക്ഷതയിൽ ശനിയാഴ്ച ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗമാണ് ഗതാഗതക്രമീകരണം ഞായറാഴ്ച രാവിലെ മുതൽ നിലവിൽവരുമെന്ന് അറിയിച്ചത്. ഹൈവേയിൽനിന്ന് വരുന്ന ബസുകൾ മെയിൻ ബസാറിൽനിന്ന് തിരിച്ച് തളിയിലമ്പലം റോഡ് വഴി താൽക്കാലിക ബസ്സ്റ്റാൻഡിലെത്തി യാത്രക്കാരെ ഇറക്കി രാജാറോഡ് വഴി തിരിച്ചുപോകണമെന്നാണ് തീരുമാനിച്ചത്. എന്നാൽ, ഒരു ബസുപോലും തീരുമാനിച്ച റൂട്ടിൽ വന്നില്ല. ഇത് രണ്ടാം തവണയാണ് നഗരസഭയുടെ ഗതാഗത ക്രമീകരണം താളംതെറ്റുന്നത്. പുതിയ ബസ്സ്റ്റാൻഡ് കെട്ടിടനിർമാണം ആരംഭിക്കുന്ന സമയത്തും ബസുകൾ മെയിൻ ബസാറിൽനിന്ന് തളിയിലമ്പലം വഴി താൽക്കാലിക ബസ്സ്റ്റാൻഡിൽ എത്തിച്ചേരണമെന്ന് റെഗുലേറ്ററി യോഗം ചേർന്ന് തീരുമാനമെടുത്തിരുന്നു. എന്നാൽ, ഒരുദിവസം മാത്രമേ ഈ റൂട്ടിൽ അന്ന് ബസുകൾ സർവിസ് നടത്തിയുള്ളൂ. ഇടുങ്ങിയ റോഡും ബസുകൾക്ക് വളവിലും തിരിവിലും പോകാൻപറ്റാത്ത സ്ഥിതിയും വന്നപ്പോൾ പഴയ റൂട്ടിൽതന്നെ വീണ്ടും സർവിസ് നടത്തി. ഇപ്പോൾ താൽക്കാലിക ബസ്സ്റ്റാൻഡിലെ യാത്രക്കാർക്കുള്ള ബുദ്ധിമുട്ടും രാജാറോഡിലെ ഗതാഗതക്കുരുക്കും യാർഡ് തകർച്ചയുമാണ് വീണ്ടും നഗരസഭ ഗതാഗതക്രമീകരണവുമായി രംഗത്തുവരാൻ കാരണം.
21 മുതൽ കർശനമായി നടപ്പിലാക്കുമെന്നാണ് ശനിയാഴ്ച ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. മെയിൻ ബസാറിൽ ട്രാഫിക് കോൺ സ്ഥാപിച്ച് പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ബസുകളെ തളിയിലമ്പലം റോഡ് വഴി ക്രമീകരിക്കാൻ നഗരസഭയും പൊലീസും തയാറായില്ല. റെഗുലേറ്ററി യോഗത്തിൽ പ്രധാനമായും ബസ് ഉടമ സംഘടന ഭാരവാഹികളെകൂടി ചർച്ചക്ക് വിളിച്ച് കാര്യങ്ങൾ വ്യക്തമായി ബോധ്യപ്പെടുത്തണമായിരുന്നു. യോഗത്തിൽ എടുക്കുന്ന തീരുമാനങ്ങൾ ഇച്ഛാശക്തിയോടെ നടപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ എന്തിനാണ് യോഗം ചേർന്ന് നഗരസഭ അധികൃതർ ഇത്തരത്തിലുള്ള തീരുമാനം എടുക്കുന്നതെന്നാന്നാണ് നഗരത്തിൽ എത്തുന്നവർ ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.